ഒരു കോളനിയില്‍ നിന്ന് ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുന്നു. 1947-ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വെറും 2.70 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യയുടെ ജിഡിപി. എന്നാല്‍, 2025 അവസാനത്തോടെ ഇന്ത്യയുടെ ജിഡിപി 360 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് ഐ.എം.എഫിന്റെ പ്രവചനം. അതോടെ ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും. അതോടൊപ്പം 6.5 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായും ഇന്ത്യ മാറും. ഇന്ത്യയുടെ ഈ വളര്‍ച്ച അമേരിക്കയേയും ചൈനയേയും അസ്വസ്ഥമാക്കുന്നുണ്ട്. ട്രംപും ഷി ജിന്‍പിങ്ങും തമ്മില്‍ നിലനില്‍ക്കുന്ന ശീതയുദ്ധത്തിനിടയില്‍ ഒരു മൂന്നാം ശക്തിയുടെ ഉയര്‍ച്ച ഇരുവര്‍ക്കും തലവേദനയാണ്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തിയതും റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങിയതിന് പിഴ ചുമത്താന്‍ ഒരുങ്ങുന്നതും യുഎസിന്‌റെ ആശങ്കയുടെ പ്രതിഫലനമാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ചൈനയുടെ അഞ്ചിലൊന്നും അമേരിക്കയുടെ ഏഴിലൊന്നുമായി വളരെ ചെറുതാണെങ്കിലും, അടുത്ത ദശകത്തില്‍ ഇന്ത്യയുടെ സാമ്പത്തിക, സൈനിക ശക്തിയെ ഇരുരാജ്യങ്ങളും ഭയപ്പെടുന്നു. ലോകശക്തികള്‍ക്കിടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യയായിരിക്കുമെന്ന് ഇരുവര്‍ക്കും അറിയാം.
ഇന്ത്യയുടെ നിലപാട് ഇന്ത്യ ഇപ്പോള്‍ അമേരിക്കക്കും ചൈനക്കും ഒരേ സമയം സഖ്യകക്ഷിയും ഭീഷണിയുമായി മാറുന്ന വിചിത്രമായ സാഹചര്യമാണുള്ളത്. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ നടത്തിയ നീക്കം അമേരിക്കയെ ചൊടിപ്പിച്ചു. അതേസമയം, വ്യാപാരത്തര്‍ക്കങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അകല്‍ച്ച ചൈനക്ക് സന്തോഷം നല്‍കുന്നുണ്ട്. രണ്ടാം തവണ അധികാരത്തിലെത്തിയ ട്രംപ് ഇന്ത്യയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയെ തങ്ങളുടെ ചേരിയില്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, സ്വതന്ത്രമായ വിദേശ, വ്യാപാര നയങ്ങളോടുള്ള ഇന്ത്യയുടെ നിലപാടില്‍ അമേരിക്ക അസംതൃപ്തരാണ്. ഇന്ത്യയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള സമ്മര്‍ദ്ദ തന്ത്രമാണ് ഉയര്‍ന്ന ഇറക്കുമതി തീരുവ.
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള ബില്‍ യു.എസ്. ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കാന്‍ പോകുന്നുവെങ്കിലും, അമേരിക്കയ്ക്ക് ഈ നീക്കത്തിന്റെ നിരര്‍ത്ഥകത അറിയാം. റഷ്യയില്‍ നിന്ന് പ്രതിദിനം വാങ്ങുന്ന 2.1 ദശലക്ഷം ബാരല്‍ എണ്ണക്ക് പകരം സൗദി അറേബ്യ, യു.എ.ഇ., തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് എളുപ്പം കഴിയും. 2022-ന് മുമ്പ് റഷ്യയില്‍ നിന്ന് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിലിന്റെ 0.1 ശതമാനം മാത്രമാണ് വാങ്ങിയിരുന്നതെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ വീണ്ടും ആ നിലയിലേക്ക് പോകാന്‍ ഇന്ത്യക്ക് സാധിക്കും. ചൈന ഹരിത ഇന്ധനങ്ങളിലേക്ക് മാറുന്നതോടെ ലോകത്ത് എണ്ണയുടെ ഡിമാന്‍ഡ് കുറയുകയും ലഭ്യമായ എണ്ണയുടെ അളവ് വര്‍ധിക്കുകയും ചെയ്യുന്നുണ്ട്.