വാഷിംഗ്ടണ്‍: ഇന്ത്യയുള്‍പ്പെടെയുളള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രിക്‌സ് രൂപീകരിച്ചത് അമേരിക്കയെ ഉപദ്രവിക്കാനും ഡോളറിനെ തരംതാഴ്ത്താനുമാണെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജപ്പാൻ, ദക്ഷിണകൊറിയ, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന കത്ത് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു. അതിനുപിന്നാലെയാണ് ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം. ഈ രാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ തീരുവ ഓഗസ്റ്റ് ഒന്നുമുതലായിരിക്കും പ്രാബല്യത്തില്‍ വരിക.
അമേരിക്കയുമായി പുതിയ വ്യാപാരക്കരാര്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് കാണിച്ചായിരുന്നു അമേരിക്ക കത്തയച്ചത്. ലാവോസിനും മ്യാന്‍മറിനും 40 ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി. ബ്രിട്ടണും ചൈനയുമായി ഇതിനകം വ്യാപാരക്കരാര്‍ ഉണ്ടാക്കിയെന്നും ഇന്ത്യയുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ട്രംപ് പറഞ്ഞു. ചര്‍ച്ചയ്ക്ക് താല്‍പ്പര്യം കാണിക്കാത്തതു കൊണ്ടാണ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് കത്തുകള്‍ അയച്ചതെന്നും ചര്‍ച്ചയുടെ പുരോഗതി അനുസരിച്ച് മാറ്റമുണ്ടാകുമെന്നും ട്രംപ് അറിയിച്ചു.
വിവിധ രാജ്യങ്ങൾക്ക് ആഗസ്റ്റ് 1 മുതൽ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന താരിഫ് നിരക്കുകൾ
- സൗത്ത് കൊറിയ- 25%
- ജപ്പാൻ- 25%
- മ്യാൻമാർ-40%
- ലാവോസ്-40%
- സൗത്ത് ആഫ്രിക്ക-30%
- കസാഖിസ്ഥാൻ- 25%
- മലേഷ്യ-25%
- ടുണീഷ്യ-25%
- ബോസ്നിയ & ഹെർസഗോവിന- 30%
- ഇന്ത്യോനേഷ്യ-32%
- ബംഗ്ലാദേശ്-35%
- സെർബിയ-35%
- കംബോഡിയ-36%
- തായ്‌ലന്‍ഡ്-36%