വാഷിങ്ടൺ: ഇന്ത്യക്കുനേരെ വീണ്ടും തീരുവഭീഷണി ഉയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യക്കു മേൽ ചുമത്തിയ തീരുവ ഉയർത്തുമെന്ന് തന്റെ സാമൂഹികമാധ്യമമായ സോഷ്യലിൽ അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്റിന്റെ നീക്കം.

ഇന്ത്യ, വലിയ അളവിൽ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതിൽ ഏറിയ പങ്കും ഉയർന്ന ലാഭത്തിന് പൊതുവിപണിയിൽ വിൽക്കുകയും ചെയ്യുന്നു. യുക്രൈനിൽ എത്രയാളുകൾ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവർക്ക് ആശങ്കയില്ല. അതിനാൽ ഇന്ത്യ, യുഎസ്എയ്ക്ക് നൽകേണ്ടുന്ന തീരുവ ഞാൻ ഉയർത്തും, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 

ജൂലായ് 30-ന് ആണ് ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിൻറെ പ്രഖ്യാപനമുണ്ടായത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെപേരിൽ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയിൽനിന്ന് ഇന്ത്യ വലിയതോതിൽ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

യുക്രൈനിലെ കൂട്ടക്കൊല നിർത്താൻ എല്ലാവരുമാവശ്യപ്പെടുന്ന സാഹചര്യത്തിൽപ്പോലും റഷ്യയിൽനിന്ന് ഇന്ത്യ കൂടുതൽ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ”ഇന്ത്യ സുഹൃത്താണെന്നതു ശരിയാണ്. എന്നാൽ, വർഷങ്ങളായി വളരെക്കുറച്ചു വ്യാപാരം മാത്രമാണ് നടന്നിട്ടുള്ളത്. ഇന്ത്യയുടെ ഉയർന്ന തീരുവയാണ് പ്രധാന തടസ്സം. ലോകത്തിൽ ഏറ്റവും ഉയർന്ന തീരുവയാണ് ഇന്ത്യയുടേത്” -ട്രംപ് പറഞ്ഞു.

ചർച്ചയിലൂടെ യുഎസുമായി വ്യാപാരക്കരാറുണ്ടാക്കിയാൽ തീരുവയിളവ് എന്നതായിരുന്നു ട്രംപിന്റെ നിലപാട്. ഈ സാഹചര്യത്തിൽ ഇന്ത്യയും യുഎസും വ്യാപാരച്ചർച്ച ഊർജിതമാക്കിയിരുന്നു. എന്നാൽ, ക്ഷീര, കാർഷിക വിപണികൾ യുഎസിനു തുറന്നുനൽകുന്നതിന് ഇന്ത്യ വിസമ്മതിച്ചതോടെ ചർച്ച പ്രതിസന്ധിയിലായിരുന്നു. ഇതേത്തുടർന്നാണ് തീരുവ ഉയർത്തിക്കൊണ്ടുള്ള ട്രംപിൻറെ പ്രഖ്യാപനം.