വാഷിംഗ്ടൺ: അമേരിക്കയിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട നയങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായി 75 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ഇമിഗ്രന്റ് വിസ പ്രോസസിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തീരുമാനിച്ചു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് രാജ്യങ്ങളുടെ പുറത്തു വിട്ടിരിക്കുന്നത്. ജനുവരി 21 മുതൽ സസ്‌പെൻഷൻ പ്രാബല്യത്തിൽ വരും. എന്നാൽ ടൂറിസ്റ്റ്, ബിസിനസ് തുടങ്ങിയ നോൺ-ഇമിഗ്രന്റ് (താൽക്കാലിക) വിസകൾക്ക് ഈ തീരുമാനം ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ വർഷം വരാനിരിക്കുന്ന ലോകകപ്പ്, 2028 ഒളിമ്പിക്സ് തുടങ്ങിയവക്ക് യുഎസ് വേദിയാകുന്ന സാഹചര്യത്തിൽ നോൺ-ഇമിഗ്രന്റ് വിസകളുടെ ആവശ്യം വലിയ തോതിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ.
ട്രംപിന്റെ ആദ്യ ടേമിൽത്തന്നെ തന്നെ കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. പെർമെനന്റ് റെസിഡൻസിനായി അപേക്ഷിക്കുന്നവരാകട്ടെ, ഭാവിയിൽ അമേരിക്കൻ സർക്കാരിന് ബാധ്യതയാവരുതെന്നാണ് ട്രംപിന്റെ നിലപാട്. പിആറിനുള്ള മാർഗ നിർദേശങ്ങൾ ഇനിയും കടുപ്പിക്കാനാണ് സാധ്യത. ഇമിഗ്രന്റ് വിസക്ക് അപേക്ഷിക്കുന്നവർ യുഎസ് എംബസി അംഗീകരിച്ച ഡോക്ടർമാർ നടത്തുന്ന ആരോഗ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന നിയമമുണ്ട്. ക്ഷയരോഗം പോലുള്ള പകർച്ചവ്യാധികൾ, മയക്കുമരുന്ന്– മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട ചരിത്രമുള്ളവർ, മാനസികാരോഗ്യ പ്രശ്നങ്ങൾ, അക്രമപരമായ പശ്ചാത്തലം എന്നിവ പരിശോധിക്കും. നിർബന്ധിത വാക്സിനേഷനുകളും സ്വീകരിച്ചിരിക്കണമെന്ന വ്യവസ്ഥയുണ്ട്. പുതിയ നിർദേശപ്രകാരം അപേക്ഷകരുടെ പ്രായം, ആരോഗ്യം, കുടുംബസ്ഥിതി, സാമ്പത്തിക നില, വിദ്യാഭ്യാസം, തൊഴിൽ, തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കണം. അപേക്ഷകരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിന് അഭിമുഖം ഇംഗ്ലീഷിൽ നടത്തി വിലയിരുത്താമെന്നും നിർദേശത്തിൽ പറയുന്നു.
ഇമിഗ്രന്റ് വിസ പ്രോസസിംഗ് താൽക്കാലികമായി നിർത്തി വച്ച രാജ്യങ്ങൾ
അഫ്ഗാനിസ്ഥാൻ, അൽബേനിയ, അൾജീരിയ, ആന്റിഗ്വാ ആൻഡ് ബാർബുഡ, അർമേനിയ, അസർബൈജാൻ, ബഹാമാസ്, ബംഗ്ലാദേശ്, ബാർബഡോസ്, ബെലാറസ്, ബെലീസ്, ഭൂട്ടാൻ, ബോസ്നിയ, ബ്രസീൽ, ബർമ, കംബോഡിയ, കാമറൂൺ, കേപ് വെർദെ, കൊളംബിയ, കോംഗോ, ക്യൂബ, ഡൊമിനിക്ക, ഈജിപ്ത്, എറിത്രിയ, എത്യോപ്യ, ഫിജി, ഗാംബിയ, ജോർജിയ, ഘാന, ഗ്രനേഡ, ഗ്വാട്ടിമാല, ഗിനിയ, ഹൈതി, ഇറാൻ, ഇറാഖ്, ഐവറി കോസ്റ്റ്, ജമൈക്ക, ജോർദാൻ, കസാഖ്സ്താൻ, കൊസോവോ, കുവൈത്ത്, കിർഗിസ്ഥാൻ, ലാവോസ്, ലെബനൻ, ലൈബീരിയ, ലിബിയ, മസിഡോണിയ, മാൾഡോവ, മംഗോളിയ, മോണ്ടെനേഗ്രോ, മൊറോക്കോ, നേപ്പാൾ, നിക്കരാഗ്വ, നൈജീരിയ, പാക്കിസ്ഥാൻ, റിപ്പബ്ലിക് ഓഫ് ദ കോംഗോ, റഷ്യ, റുവാണ്ട, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസന്റ് ആൻഡ് ദ ഗ്രനഡൈൻസ്, സെനഗൽ, സിയറാ ലിയോൺ, സൊമാലിയ, സൗത്ത് സുഡാൻ, സുഡാൻ, സിറിയ, ടാൻസാനിയ, തായ്‌ലൻഡ്, ടോഗോ, ടുണീഷ്യ, ഉഗാണ്ട, ഉറുഗ്വേ, ഉസ്‌ബെക്കിസ്ഥാൻ, യെമൻ.



