‘എന്നെ വേണമെങ്കില്‍ സ്വേച്ഛാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ മണ്ടന്‍’ എന്ന് വിളിക്കരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ നടന്ന റാലിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഈ പരാമര്‍ശം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
വിമര്‍ശകര്‍ തന്നെ ബുദ്ധിമാനായ സ്വേച്ഛാധിപതി എന്ന് വിശേഷിപ്പിക്കുന്നതാണ് തനിക്ക് കൂടുതല്‍ താല്പര്യമെന്നും മണ്ടന്‍ എന്ന വിളിപ്പേര് താന്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും ട്രംപ് തുറന്നടിച്ചു. തന്റെ മാനസിക ക്ഷമതയെയും വൈജ്ഞാനിക ആരോഗ്യത്തെയും ചോദ്യം ചെയ്യുന്ന പ്രതിപക്ഷത്തിന് മറുപടി നല്‍കവെയാണ് ട്രംപ് നാടകീയമായ ഈ പ്രതികരണം നടത്തിയത്.
റാലിയില്‍ വിലക്കയറ്റത്തെയും സര്‍ക്കാര്‍ ചെലവ് ചുരുക്കലിനെയും കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ട്രംപ് പെട്ടെന്ന് പ്രസംഗത്തിന്റെ ദിശ മാറ്റിയത്. വിമര്‍ശകര്‍ തന്റെ ബുദ്ധിശക്തിയെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ഡോക്ടറോട് ഒരു വൈജ്ഞാനിക പരിശോധന ആവശ്യപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തി. തന്നെ ഏറ്റവും മോശമായ രീതിയിലാണ് ആക്രമിച്ചത്. താന്‍ ഒരു മണ്ടനാണെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ടാണ് ഡോക്ടറോട് തന്റെ ബുദ്ധിശക്തി പരിശോധിക്കാന്‍ എന്തെങ്കിലും ടെസ്റ്റ് ഉണ്ടോ എന്ന് ചോദിച്ചെന്നും ട്രംപ് വെളിപ്പെടുത്തി. ഡൊണാള്‍ഡ് ട്രംപ് തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം താന്‍ ടെസ്റ്റിന് വിധേയനായെന്നും മൃഗങ്ങളെ തിരിച്ചറിയല്‍, ഓര്‍മ്മശക്തി പരിശോധന, ഗുണനവും ഹരിക്കലും ഉള്‍പ്പെടെയുള്ള കണക്കുകള്‍ എന്നിവയെല്ലാം കൃത്യമായി പൂര്‍ത്തിയാക്കിയതായും ട്രംപ് അവകാശപ്പെട്ടു. ഇത് തന്റെ കൃത്യതയുള്ള മനസിന്റെ തെളിവാണെന്നാണ് ട്രംപിന്റെ വാദം.
മെഡിക്കല്‍ വിദഗ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് ട്രംപ് സൂചിപ്പിച്ചത് മോണ്ട്രിയല് കോഗ്നിറ്റീവ് അസസ്മെന്റ് (MoCA) എന്ന സ്ക്രീനിംഗ് പരിശോധനയെക്കുറിച്ചാണ്. സാധാരണയായി പ്രായമായവരില്‍ ഉണ്ടാകുന്ന ഡിമെന്‍ഷ്യ, ഓര്‍മ്മക്കുറവ്, മറ്റ് വൈജ്ഞാനിക പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്താന്‍ ഉപയോഗിക്കുന്ന പ്രാഥമിക ടെസ്റ്റാണിത്. മുന്‍പും പലതവണ ഈ ടെസ്റ്റില്‍ വിജയിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. അന്ന് ‘പേഴ്സണ്‍, വുമണ്‍, മാന്‍, ക്യാമറ, ടിവി’ എന്നീ വാക്കുകള്‍ ആവര്‍ത്തിച്ചു പറഞ്ഞതിനെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് ചുരുങ്ങിയ കാലയളവിനുള്ളില്‍ പലതവണ ഇത്തരം വൈജ്ഞാനിക പരിശോധനകള്‍ നടത്തേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഒരു വിഭാഗം ന്യൂറോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍ ട്രംപിന് എന്തെങ്കിലും തരത്തിലുള്ള മാനസിക വൈകല്യങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നേതാക്കളുടെ പ്രായവും മാനസികാരോഗ്യവും കഴിഞ്ഞ കുറച്ചുകാലമായി പ്രധാന ചര്‍ച്ചാവിഷയമാണ്. മുന്‍ പ്രസിഡന്റ് ജോ ബൈഡന് തന്റെ ഭരണകാലത്ത് പ്രായസംബന്ധമായ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ 79 വയസുകാരനായ ട്രംപിന്റെ പ്രസംഗങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇതേ രീതിയില്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുകയാണ്.
ഡിഫന്‍സ് സെക്രട്ടറി പിറ്റ് ഹേഗ്സ്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ട്രംപിനെ ‘വളരെ മൂര്‍ച്ചയുള്ള ബുദ്ധിയുള്ള നേതാവ് എന്ന് വിശേഷിപ്പിക്കുന്നു. ആരോപണങ്ങളെല്ലാം അവര്‍ തള്ളിക്കളയുന്നു. ട്രംപിന്റെ ചില പ്രസംഗങ്ങളിലെ പരസ്പരവിരുദ്ധമായ പരാമര്‍ശങ്ങളും, വിഷയങ്ങളില്‍ നിന്ന് പെട്ടെന്ന് മാറിപ്പോകുന്ന ശൈലിയും അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ശക്തനായ നേതാവ് എന്ന രാഷ്ട്രീയ മനശാസ്ത്രം വിമര്‍ശനങ്ങള്‍ക്കും സ്വന്തം ദൗര്‍ബല്യങ്ങള്‍ക്കും മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ട്രംപിന്റെ പരിചിതമായ രാഷ്ട്രീയ തന്ത്രമാണ് ഈ പ്രസംഗത്തിലും കാണാന്‍ കഴിഞ്ഞതെന്നാണ് ഒരു കൂട്ടരുടെ വാദം. തനിക്കെതിരെയുള്ള ‘സ്വേച്ഛാധിപതി’ എന്ന കടുത്ത ആരോപണത്തെപ്പോലും ഒരു തമാശയാക്കി മാറ്റിയ അദ്ദേഹം, തന്റെ ബുദ്ധിശക്തിയെ ചോദ്യം ചെയ്യുന്നതിനെ ശക്തമായി പ്രതിരോധിക്കുന്നു.
അധികാരത്തെക്കുറിച്ചുള്ള വിമര്ശനങ്ങളേക്കാള് ബുദ്ധിശക്തി ചോദ്യം ചെയ്യപ്പെടുന്നതാണ് ട്രംപിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നത് എന്ന് ഈ പ്രസംഗം വ്യക്തമാക്കുന്നു. വരും ദിവസങ്ങളില്‍ ട്രംപ് വാഷിംഗ്ടണിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ ഔദ്യോഗിക ആരോഗ്യ പരിശോധനയ്ക്ക് വിധേയനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ, അമേരിക്കന്‍ നേതാക്കളുടെ പ്രായവും മാനസികക്ഷമതയും വരും ദിവസങ്ങളിലും യുഎസ് രാഷ്ട്രീയത്തിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചയായി തുടരുമെന്ന് ഉറപ്പാണ്.



