മേജർ സോക്കർ ലീഗ് (എംഎൽഎസ്) കിരീടം നേടിയതിന് പിന്നാലെ ഇന്റർമയാമി ടീമിനെ വൈറ്റ് ഹൗസിലേക്ക് വിളിച്ച് അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ 19-കാരൻ മകൻ ബാരൻ ട്രംപ് മെസ്സിയെ ആരാധിക്കുന്നുവെന്നും പെലെയേക്കാൾ മികച്ച താരമായിരിക്കാം മെസ്സിയെന്നും ട്രംപ് പറഞ്ഞു.
‘ഇതുവരെ ഒരു അമേരിക്കൻ പ്രസിഡന്റിനും പറയാൻ ഭാഗ്യം ലഭിക്കാത്ത ഒരു കാര്യം പറയാൻ എനിക്ക് അവസരം ലഭിച്ചു. വൈറ്റ് ഹൗസിലേക്ക് സ്വാഗതം, ലയണൽ മെസ്സി. എന്റെ മകൻ നിങ്ങളുടെ വലിയ ആരാധകനാണ്. ഇന്ന് അവൻ എന്നോട് ചോദിച്ചു ‘ അച്ഛാ, ഇന്ന് ആരാണ് വരുന്നതെന്ന് അച്ഛന് അറിയാമോ?’, അറിയില്ലെന്നും എനിക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഞാൻ മറുപടി നൽകി. മെസ്സിയാണ് വരുന്നതെന്ന് അവൻ മറുപടി നൽകി. അവൻ നിങ്ങളുടെ വലിയ ആരാധകനാണ്. കുറച്ചുകാലം മുമ്പ് നിങ്ങളുടെ മത്സരം അവൻ കണ്ടിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയും നിങ്ങളും മികച്ച താരങ്ങളാണ്.’-ട്രംപ് വ്യക്തമാക്കി.
പെലെയുടെ മത്സരം കണ്ടിട്ടുണ്ട്. അദ്ദേഹം നല്ല കളിക്കാരനാണ്. പക്ഷേ പെലെയേക്കാൾ മികച്ചവൻ മെസ്സിയായിരിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘നിങ്ങൾക്ക് ലോകത്ത് എവിടെയും, ഏത് ടീമിലേക്കും പോകാൻ കഴിയുമായിരുന്നു, പക്ഷേ നിങ്ങൾ മിയാമിയെ തിരഞ്ഞെടുത്തു. ഞങ്ങളെ എല്ലാവരെയും ഈ യാത്രയിൽ പങ്കുചേർത്തതിന് ഞാൻ നിങ്ങളെ നന്ദി അറിയിക്കുന്നു.’-ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തെ കുറിച്ച് സംസാരിച്ചശേഷമാണ് ട്രംപ് മെസ്സിയേയും ഇന്റർമയാമി ടീമിനേയും അഭിനന്ദിച്ചത്. ഇതോടെ ചില ഫുട്‌ബോൾ ആരാധകർ മെസ്സിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. നിലവിലെ സാഹചര്യത്തിൽ മെസ്സിയും ഇന്റർമയാമി ടീമും ട്രംപിന്റെ ക്ഷണം സ്വീകരിക്കേണ്ടിയിരുന്നില്ല എന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ലൂയി സുവാരസും മെസ്സിക്കൊപ്പം വൈറ്റ് ഹൗസിലെത്തിയിരുന്നു. എംഎൽഎസ് കമ്മീഷണർ ഡോൺ ഗാർബർ, വൈറ്റ് ഹൗസ് ലോകകപ്പ് ടാസ്‌ക് ഫോഴ്സിന്റെ തലവൻ ആൻഡ്രൂ ഗിനിയാനിക്കൊപ്പം ഇരുന്നു. ട്രംപിന്റെ രണ്ട് പ്രസിഡന്റ് കാലയളവുകളിൽ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെട്ട ആദ്യത്തെ എംഎൽഎസ് ടീമാണ് ഇന്റർമയാമി. മെസ്സി താൻ ഒപ്പിട്ട പന്ത് ട്രംപിന് സമ്മാനിച്ചു. അതേസമയം ടീമിന്റെ സഹ ഉടമ ജോർജ്ജ് മാസ്, ഹെഡ് കോച്ച് ഹാവിയർ മഷെരാനോ എന്നിവർ ടീം ജഴ്സിയും വാച്ചും ട്രംപിന് നൽകി.



