ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം, വാഷിംഗ്ടണുമായി ലോബിയിംഗ് നടത്തുന്നതിനായി രാജ്യങ്ങള്‍ ചെലവഴിക്കുന്നത് ദശലക്ഷക്കണക്കിന് ഡോളറുകള്‍ എന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ ചെലവ് അവരെ എവിടേക്കും എത്തിച്ചില്ല എന്നതാണ് വസ്തുത. ട്രംപിന്റെ താരിഫ് ഭീഷണി മറികടക്കുന്നതിനായി രാജ്യങ്ങള്‍ ഇപ്പോള്‍ വഴികള്‍ കണ്ടെത്തുകയാണ്.

ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ പ്രധാന വ്യാപാര പങ്കാളികള്‍ മുതല്‍ ബോസ്‌നിയ, ഇക്വഡോര്‍ പോലുള്ള ചെറിയ രാജ്യങ്ങള്‍ വരെ, താരിഫുകള്‍ ശിക്ഷ ഒഴിവാക്കാന്‍ ലോബിയിംഗ് സ്ഥാപനങ്ങളെ കൊണ്ടുവന്നുവെന്നതാണ് അതിശയിപ്പിക്കുന്നത്. ‘ട്രംപിന്റെ മുന്‍ ബോഡിമാന്‍ കീത്ത് ഷില്ലര്‍, ട്രംപ് ഓര്‍ഗനൈസേഷന്റെ മുന്‍ കംപ്ലയന്‍സ് മേധാവി ജോര്‍ജ്ജ് സോറിയല്‍’ എന്നിവരുള്‍പ്പെടുന്ന ഏഴ് പുതിയ ലോബിയിംഗ് സ്ഥാപനങ്ങളെ പാകിസ്താന്‍ സര്‍ക്കാര്‍ ഈ വര്‍ഷം കൊണ്ടുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സ്ഥാപനത്തിന് പ്രതിമാസം 50,000 ഡോളര്‍ നല്‍കാന്‍ പാകിസ്ഥാന്‍ സമ്മതിച്ചു. അതിന്റെ ഫലമായി ഇസ്ലാമാബാദിന് പരസ്പര താരിഫ് നിരക്ക് 29 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു എന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ ഏപ്രിലില്‍ ദീര്‍ഘകാല ട്രംപ് ഉപദേഷ്ടാവായ ജാസിം മില്ലറെ രംഗത്തിറക്കി.

‘സ്ട്രാറ്റജിക് കൗണ്‍സല്‍, തന്ത്രപരമായ ആസൂത്രണം, സര്‍ക്കാര്‍ അനുബന്ധ സഹായം’ എന്നിവയ്ക്ക് പകരമായി മില്ലറുമായി 1.8 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു വര്‍ഷത്തെ കരാറാണ് ഒപ്പിട്ടത്. മെക്‌സിക്കോ പുതിയ ഒരു സ്ഥാപനത്തെയും നിയമിച്ചില്ല, പക്ഷേ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമിന്റെ ട്രംപിനോടുള്ള നേരിട്ടുള്ള സമീപനത്തെ ആശ്രയിച്ചാണ് ഡീല്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്,

യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ സിഇഒ മുകേഷ് അഗി, പൊളിറ്റിക്കോയോട് പറഞ്ഞത്, യുഎസിലെ നിലവിലെ നേതൃത്വം പരമ്പരാഗത രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നില്ല എന്നാണ്. ‘വാഷിംഗ്ടണിലെ നിലവിലെ നേതൃത്വം പരമ്പരാഗത രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്ന എനിക്ക് തോന്നുന്നു. ഇത് ബിസിനസ് ഭാഗത്തെക്കുറിച്ച് മാത്രമല്ല, നയതന്ത്രത്തെക്കുറിച്ചുമാണ്. മറ്റ് രാജ്യങ്ങളുമായുള്ള ഇടപെടലിനെക്കുറിച്ചുമാണ്. സ്വാധീനിക്കുന്നതിനുള്ള പഴയ മാതൃക പ്രവര്‍ത്തിക്കുന്നതായി തോന്നുന്നില്ല.” – അഗി പറഞ്ഞു.

ലോബിയിംഗ് സ്ഥാപനങ്ങളില്‍, മെര്‍ക്കുറി പബ്ലിക് അഫയേഴ്സ് നവംബര്‍ മുതല്‍ ദക്ഷിണ കൊറിയ, ഇക്വഡോര്‍, ലിബിയ എന്നിവയുള്‍പ്പെടെ അഞ്ച് പുതിയ വിദേശ സര്‍ക്കാരുകളുമായി ഒപ്പുവച്ചു. ജപ്പാനു വേണ്ടിയും അവര്‍ ലോബിയിംഗ് ചെയ്യുന്നു, എന്നാല്‍ മറ്റൊരു ലോബിയിംഗ് സ്ഥാപനമായ ബല്ലാര്‍ഡ് പാര്‍ട്ണേഴ്സ്, തിരഞ്ഞെടുപ്പിന് പിറ്റേന്ന് ട്രംപും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും തമ്മില്‍ ഒരു ഫോണ്‍ കോള്‍ നടത്താന്‍ സഹായിച്ചു.

താരിഫ് നിരക്കുകള്‍ കുറഞ്ഞ അംഗോളയ്ക്കും ദക്ഷിണ കൊറിയയ്ക്കും വേണ്ടി ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ബിജിആര്‍ ഗ്രൂപ്പ് ലോബിയിംഗ് നടത്തി. ഡിസംബര്‍ മുതല്‍ മെയ് വരെ ഇന്ത്യന്‍ സര്‍ക്കാരും ഇതിന് 300,000 ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ട് പറയുന്നു. ‘ഈ ആഴ്ചയിലെ താരിഫ് നടപ്പാക്കല്‍ കിക്കോഫിന് ശേഷവും, രാജ്യങ്ങളും ലോബിയിസ്റ്റുകളും ഇപ്പോഴും ഒഴിവാക്കലുകളോ മറ്റ് സഹായകരമായ വ്യവസ്ഥകളോ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും പൊളിറ്റിക്കോ റിപ്പോര്‍ട്ട് പറയുന്നു. അതായത് ട്രംപിന്റെ വരവ് രാജ്യങ്ങള്‍ക്ക് നഷ്ടവും ലോബിയിംഗ ഏജന്‍സികള്‍ക്ക് നേട്ടവുമാണെന്നു സാരം.