രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പിന്നാലെ ചൈനയിൽ നിന്ന് ലഭിച്ച സമ്മാനങ്ങളെല്ലാം അവിടെത്തന്നെ ഉപേക്ഷിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും മടങ്ങി. വൈറ്റ് ഹൗസ് ജീവനക്കാരും യുഎസ് മാധ്യമപ്രവർത്തകരും അടങ്ങുന്ന സംഘത്തിന് ചൈനയിൽ നിന്ന് ലഭിച്ച സുവനീറുകളും ഉപഹാരങ്ങളും എയർഫോഴ്‌സ് വൺ വിമാനത്തിന് സമീപത്തെ മാലിന്യക്കുട്ടയിൽ ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ.
ചൈനീസ് സമ്മാനങ്ങൾ ഉപേക്ഷിച്ചുള്ള ഈ മടക്കം പെട്ടെന്നുണ്ടായ ഒന്നല്ല, മറിച്ച് അമേരിക്കൻ സുരക്ഷാ ഏജൻസികൾ കാലങ്ങളായി പിന്തുടരുന്ന കർശനമായ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമാണ്. ചൈനീസ് നിർമ്മിത വസ്തുക്കളിലൂടെയുള്ള ചാരപ്രവർത്തനവും വിവരങ്ങൾ ചോർത്താനുള്ള സാധ്യതയും മുൻകൂട്ടി കണ്ടാണ് ഈ നടപടി. ലേപ്പൽ ബാഡ്ജുകൾ, ബർണർ ഫോണുകൾ, സന്ദർശനവുമായി ബന്ധപ്പെട്ട ക്ഷണപത്രങ്ങൾ ഉൾപ്പെടെയുള്ള ഒന്നുപോലും മടക്കയാത്രയിൽ വിമാനത്തിനുള്ളിൽ കയറ്റരുതെന്ന് സുരക്ഷാ വിഭാഗത്തിന്റെ കർശന നിർദ്ദേശമുണ്ടായിരുന്നു. വൈറ്റ് ഹൗസ് സുരക്ഷാ വിഭാഗവും സീക്രട്ട് സർവീസും ഇത് പരിശോധിച്ചു ഉറപ്പുവരുത്തിയതായി ന്യൂയോർക്ക് പോസ്റ്റിന്റെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് എക്സിലൂടെ വ്യക്തമാക്കി.
വ്യാപാരം, റെയർ എർത്ത് മൂലകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിർണ്ണായക കരാറുകൾ ലക്ഷ്യമിട്ടാണ് ട്രംപ് ചൈനയിലെത്തിയത്. എന്നാൽ, അമേരിക്കയിൽ നിന്ന് സോയാബീനും ബോയിങ് വിമാനങ്ങളും വാങ്ങാൻ ചൈന സമ്മതിച്ചതൊഴിച്ചാൽ മറ്റ് തന്ത്രപ്രധാനമായ കരാറുകളിലൊന്നും ഇരുരാജ്യങ്ങളും ഒപ്പുവെച്ചില്ല. ഈ നയതന്ത്ര നിരാശയ്ക്ക് പിന്നാലെയാണ് ചൈനീസ് നിർമ്മിത വസ്തുക്കൾ പരസ്യമായി ചവറ്റുകുട്ടയിൽ തള്ളി അമേരിക്കൻ സംഘം മടങ്ങിയത്.



