ഇറാനുമായി സമാധാന കരാർ ഈയാഴ്ച ഒപ്പിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ അന്തിമഘട്ടത്തിലാണെന്നും യൂറോപ്പിൽ വച്ചായിരിക്കും കരാർ ഒപ്പിടുകയെന്നും ട്രംപ് വ്യക്തമാക്കി. കരാറിന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ അംഗീകാരം ലഭിച്ചതായി ട്രംപ് അവകാശപ്പെട്ടു. ചർച്ചകളിലെ പുരോഗതി ചൂണ്ടിക്കാട്ടി ഇന്നലെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇറാൻ ആക്രമണത്തിൽ നിന്നും ട്രംപ് പിന്മാറിയിരുന്നു.

ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാനിൽ നിന്നും ഉറപ്പു ലഭിച്ചെന്നും, കരാർ ഒപ്പിട്ടാൽ ഉടൻ ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും ട്രംപിന്റെ പ്രഖ്യാപനം.കരാർ ഒപ്പിടുന്നതിനായി വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് ആയിരിക്കും യൂറോപ്പിലേക്ക് പോകുക. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഡോണൾഡ് ട്രംപ്.

അതേസമയംഅമേരിക്ക അമിതമായ ആവശ്യങ്ങൾ ഉന്നയിക്കുകയാണെന്നും കരാറിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് ഇറാന്റെ പ്രതികരണം. കരാറിൽ പറഞ്ഞിട്ടുള്ള ഭൂരിപക്ഷം കാര്യങ്ങളിലും നേരത്തെ ധാരണയായെന്നും എന്നാൽ അമേരിക്ക പുതിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചുവെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് പ്രതികരിച്ചു.