അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത ക്യാബിനറ്റ് യോഗത്തിനിടെ അദ്ദേഹം കണ്ണടച്ചിരിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വൈറ്റ് ഹൗസിൽ നടന്ന സുപ്രധാനമായ യോഗത്തിനിടയിൽ ട്രംപ് ഉറങ്ങുകയാണെന്ന തരത്തിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. താൻ ഉറങ്ങുകയായിരുന്നില്ലെന്നും മറിച്ച് യോഗത്തിലെ ചർച്ചകൾ ബോറടിച്ചതുകൊണ്ടാണ് കണ്ണുകൾ അടച്ചുപിടിച്ചതെന്നും ട്രംപ് വ്യക്തമാക്കി. 79 വയസ്സുകാരനായ തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളയാനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.
ന്യൂയോർക്ക് മാഗസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ ഭാഗം വ്യക്തമാക്കിയത്. മണിക്കൂറുകൾ നീളുന്ന ഇത്തരം യോഗങ്ങൾ വലിയ മടുപ്പാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഏകദേശം 28 പേരോളം സംസാരിക്കുന്ന നീണ്ട യോഗങ്ങളിൽ എല്ലാവരുടെയും കാര്യങ്ങൾ കേട്ടിരിക്കുക എന്നത് പ്രയാസകരമാണ്. താൻ ഓരോ വാക്കും ശ്രദ്ധിക്കുന്നുണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ഇടയ്ക്കിടെ കൈകൾ ചലിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം യോഗങ്ങൾ തനിക്ക് അസഹനീയമായി തോന്നാറുണ്ടെന്നും എത്രയും വേഗം അവിടെനിന്നും പുറത്തുകടക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് ഉറങ്ങുകയല്ല മറിച്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയായിരുന്നു എന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും സ്ഥിരീകരിച്ചു. വിമാന യാത്രകളിൽ പോലും ട്രംപ് വിശ്രമിക്കാറില്ലെന്നും വളരെ സജീവമാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ ദിവസം നടത്തിയ ചില മെഡിക്കൽ പരിശോധനകളുടെ ഫലങ്ങളും ട്രംപ് പുറത്തുവിട്ടു. പരിശോധനാ ഫലങ്ങൾ തികച്ചും തൃപ്തികരമാണെന്നും തനിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും ട്രംപ് ഉറപ്പിച്ചു പറഞ്ഞു. തന്റെ ഊർജ്ജസ്വലതയെ ചോദ്യം ചെയ്യുന്നവർക്കുള്ള മറുപടിയായാണ് അദ്ദേഹം ഈ വിശദീകരണങ്ങൾ നൽകിയത്.



