എഡിൻബർഗ്: കുടിയേറ്റം യൂറോപ്പിനെ ഇല്ലാതാക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ സഹവർത്തിത്വത്തോടെ പ്രവർത്തിക്കണമെന്നും ട്രംപ് പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ ഈ ഭയാനകമായ അധിനിവേശം നിർത്തലാക്കുന്നതാണ് നല്ലതെന്നും ഇല്ലെങ്കിൽ യൂറോപ്പ് ഇല്ലാതാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
സ്കോട്ലൻഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ചില രാഷ്ട്രത്തലവൻമാർ കുടിയേറ്റം അനുവദിക്കുന്നില്ലെന്നും അവർക്ക് അർഹമായ അഭിനന്ദനം ലഭിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 2020 ലെ കണക്കനുസരിച്ച് 87 മില്യൺ വിദേശകുടിയേറ്റക്കാരാണ് യൂറോപ്പിലുള്ളത്.
യുഎസ്- മെക്സികോ അതിർത്തിയിൽ കർശനനടപടി സ്വീകരിക്കുന്നതിനെ കുറിച്ചും ട്രംപ് സംസാരിച്ചു. കഴിഞ്ഞ മാസം യുഎസിലേക്ക് ആരേയും പ്രവേശിക്കാനനുവദിച്ചില്ലെന്നും മോശക്കാരായ ആളുകളെ യുഎസിൽ നിന്ന് തുരത്തിയതായും ട്രംപ് പറഞ്ഞു. ജനുവരിയിൽ പ്രസിഡന്റ് സ്ഥാനത്തെത്തിയ ശേഷം കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികളാണ് ട്രംപ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ആയിരക്കണക്കിന് കുടിയേറ്റക്കാരെ യുഎസിൽ നിന്ന് നാടുകടത്തുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. ട്രംപിന്റെ നടപടികൾക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം, യൂറോപ്പിൽനിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപും മാതാവ് മേരി ആൻ മക്ലി യോഡും എന്നത് വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സ്കോട്ലൻഡിൽ ട്രംപിന് ഗോൾഫ് കളിസ്ഥലങ്ങൾ സ്വന്തമായുണ്ട്. രണ്ടാമത്തെ ഗോൾഫ് കേന്ദ്രം തുറക്കുന്നത് ട്രംപിന്റെ മാതാവിന്റെ പേരിലാണ്. ട്രംപിന്റെ മാതാവിന്റെ ജന്മദേശം കൂടിയാണ് സ്കോട്ലൻഡ്. ഇവിടങ്ങളിലെ സന്ദർശനം കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെനുമായുള്ള കൂടിക്കാഴ്ചകളാണ് യൂറോപ്യൻ സന്ദർശനത്തിന്റെ ഉദ്ദേശ്യങ്ങളെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമായും വ്യാപാരക്കരാറാണ് ചർച്ചയാവുകയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പിന്തുണച്ച സ്കോട്ടിഷ് നേതാവ് ജോൺ സ്വിന്നിയേയും ട്രംപ് കാണുമെന്നും സൂചനയുണ്ട്.