വാഷിങ്ടൺ: ആറുമാസത്തിനകം ആറു യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസിനെ നശിപ്പിക്കുക എന്നതാണ് ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ നാട്ടിലേക്ക് തിരികെക്കൊണ്ടുവരാനുള്ള ഏക മാർഗമെന്നും അദ്ദേഹം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ്, യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ട്രംപിന്റെ പ്രതികരണം.

ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും ചെയ്താൽ മാത്രമേ ശേഷിക്കുന്ന ബന്ദികളുടെ തിരിച്ചുവരവ് നമുക്ക് കാണാനാവൂ എന്ന് അദ്ദേഹം കുറിച്ചു. ‘അത് എത്ര വേഗത്തിൽ നടക്കുന്നുവോ അത്രയും വിജയസാധ്യത കൂടും. ഓർക്കുക, ചർച്ചകൾ നടത്തി നൂറുകണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലിലേക്കും (അമേരിക്കയിലേക്കും) വിട്ടയച്ചത് ഞാനാണ്. വെറും ആറുമാസത്തിനുള്ളിൽ ആറ് യുദ്ധങ്ങൾ അവസാനിപ്പിച്ചത് ഞാനാണ്’, ട്രംപ് അവകാശപ്പെട്ടു. 

‘ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇല്ലാതാക്കിയതും ഞാനാണ്. കളിക്കുന്നുവെങ്കിൽ ജയിക്കാൻവേണ്ടി കളിക്കുക, അല്ലെങ്കിൽ കളിക്കാതിരിക്കുക. ഈ വിഷയത്തിൽ നിങ്ങൾ നൽകിയ ശ്രദ്ധയ്ക്ക് നന്ദി’, 12 ദിവസം നീണ്ട ഇസ്രയേൽ-ഇറാൻ സംഘർഷത്തെ പരാമർശിച്ച് അദ്ദേഹം കുറിച്ചു. മേയിൽ ഇന്ത്യ-പാക് സംഘർഷത്തിന് അറുതി വരുത്തിയെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. 27 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂർ താൻ ഇടപെട്ടാണ് നിർത്തിയതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇതോടെയാണ് യുദ്ധത്തിന്റെ അന്തകനെന്ന് കൂടുതൽ വേദികളിൽ സ്വയം അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. ഇന്ത്യ ഇത് പലവട്ടം നിഷേധിച്ചെങ്കിലും ട്രംപ് അവകാശവാദം ആവർത്തിച്ചുകൊണ്ടിരുന്നു. അതേസമയം, പാകിസ്താൻ ഈ അവകാശവാദത്തെ അംഗീകരിക്കുകയും ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് നിലപാടെടുക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ പിന്തുണയും ട്രംപിനുണ്ട്. 

പിന്നാലെ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ യുഎസ് ആക്രമണത്തിന് ഉത്തരവിട്ടുകൊണ്ട് ഇസ്രയേൽ-ഇറാൻ സംഘർഷത്തിലും ട്രംപ് ഇടപെട്ടു. പിന്നാലെ ഇസ്രയേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. അടുത്തിടെ അർമേനിയ-അസർബൈജാൻ സമാധാന ഉടമ്പടിക്ക് ട്രംപ് മധ്യസ്ഥത വഹിച്ചിരുന്നു. തായ്ലാൻഡ്-കംബോഡിയ വെടിനിർത്തൽ കരാറിനായി സമ്മർദം ചെലുത്തിയതും സെർബിയ-കൊസോവോ, ഈജിപ്ത്-എത്യോപ്യ, റുവാണ്ട-മോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവർ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിച്ചതും താനാണെന്നാണ് ട്രംപിന്റെ അവകാശവാദം.

അതേസമയം, ഗാസയിൽ സംഘർഷത്തിന് അറുതിവരുത്താൻ ശ്രമിച്ചെങ്കിലും പൂർണാർഥത്തിൽ വിജയിച്ചില്ല. നിലവിൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി അലാസ്കയിൽ അടച്ചിട്ട മുറിയിൽ മൂന്നുമണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ അന്തിമ കരാർ രൂപപ്പെട്ടില്ലെങ്കിലും വലിയ പുരോഗതിയുണ്ടായെന്ന് ട്രംപ് അറിയിച്ചു. യുക്രൈനും യൂറോപ്പും ഇടപെട്ട് ചർച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കരുതെന്ന് പുതിനും വ്യക്തമാക്കി. ചർച്ചയുടെ വിശദാംശങ്ങളിലേക്ക് ഇരുനേതാക്കളും കടന്നില്ല. 

ട്രംപിനൊപ്പം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയും പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പങ്കെടുത്തു. പുതിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയി ലാവ്റോവും പങ്കെടുത്തു. ആറു വർഷങ്ങൾക്കുശേഷമാണ് ഇരു രാഷ്ട്രനേതാക്കളും പരസ്പരം കാണുന്നത്.