ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ സുന്ദരിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈജിപ്തിലെ ഷാം എല്‍-ഷൈഖില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിയില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രസകരമായ സംഭാഷണം ഉണ്ടായത്.

2022 മുതല്‍ ഇറ്റലിയുടെ പ്രധാനമന്ത്രിയാണ് 43 കാരിയായ ജോര്‍ജിയ മെലോണി. മെലോണിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നേക്കാം. എന്നാല്‍ താനത് നേരിടാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ‘അമേരിക്കയില്‍ ഒരു സ്ത്രീയെ സുന്ദരിയെന്ന് വിശേഷിപ്പിച്ചാല്‍ അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്. പക്ഷേ ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ അല്ലേ? കാരണം നിങ്ങള്‍ സുന്ദരിയാണ്. വന്നതിന് വളരെ നന്ദി. ഞങ്ങള്‍ അഭിനന്ദിക്കുന്നു’, തനിക്ക് പിന്നിലായി നിന്നിരുന്ന മെലോണിക്ക് നേരെ തിരിഞ്ഞ് ട്രംപ് പറഞ്ഞു. മെലോണി ഇതിന് ചിരിച്ചുകൊണ്ട് എന്തോ മറുപടി പറയുകയും ചെയ്തു.