ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്ക് പുതിയൊരു ചരിത്ര നേട്ടത്തിനരികെയാണ്. ലോകത്തിലെ ആദ്യത്തെ ട്രില്യണയർ എന്ന പദവിയിലേക്കാണ് അദ്ദേഹം അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ 850 ബില്യൺ ഡോളറിലധികം ആസ്തിയുള്ള മസ്കിന്റെ സമ്പത്ത് റെക്കോർഡ് വേഗതയിലാണ് വർദ്ധിക്കുന്നത്.
ടെസ്‌ലയുടെ ഓഹരി മൂല്യത്തിലുണ്ടായ വൻ വർദ്ധനവാണ് അദ്ദേഹത്തിന്റെ ആസ്തി കുതിച്ചുയരാൻ പ്രധാന കാരണമായത്. ഇലക്ട്രിക് വാഹന വിപണിയിൽ ടെസ്‌ല കൈവരിക്കുന്ന മുന്നേറ്റം മസ്കിനെ പുതിയ സാമ്പത്തിക ഉയരങ്ങളിൽ എത്തിച്ചു. വരും വർഷങ്ങളിൽ തന്നെ അദ്ദേഹം 1000 ബില്യൺ ഡോളർ അഥവാ ഒരു ട്രില്യൺ ഡോളർ ആസ്തിയുള്ള വ്യക്തിയായി മാറും.
ടെസ്‌ലയ്ക്ക് പുറമെ സ്പേസ് എക്സ് എന്ന ബഹിരാകാശ ഗവേഷണ സ്ഥാപനവും മസ്കിന്റെ ആസ്തി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഉപഗ്രഹ വിക്ഷേപണ രംഗത്തെ സ്പേസ് എക്സിന്റെ കുത്തക വരും കാലങ്ങളിൽ അദ്ദേഹത്തിന് വലിയ ലാഭം നൽകുമെന്നാണ് വിലയിരുത്തൽ. എക്സ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ ഭാഗമാണ്.
അമേരിക്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക നയങ്ങളും മസ്കിന്റെ ബിസിനസ് ഗ്രൂപ്പുകൾക്ക് വലിയ ഗുണകരമായി മാറിയിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അടുത്ത ബന്ധം മസ്കിന്റെ ബിസിനസ്സ് താൽപ്പര്യങ്ങൾക്ക് വലിയ പിന്തുണ നൽകുന്നു. ഇത് നിക്ഷേപകർക്കിടയിൽ മസ്കിന്റെ കമ്പനികളിലുള്ള വിശ്വാസം വർദ്ധിപ്പിച്ചു.സമ്പത്തിന്റെ കാര്യത്തിൽ മറ്റ് ശതകോടീശ്വരന്മാരേക്കാൾ വലിയ വ്യത്യാസത്തിലാണ് ഇപ്പോൾ ഇലോൺ മസ്ക് മുന്നേറുന്നത്. ജെഫ് ബെസോസ് അടക്കമുള്ള പ്രമുഖരെ ബഹുദൂരം പിന്നിലാക്കിയാണ് അദ്ദേഹത്തിന്റെ ഈ കുതിപ്പ്. കൃത്രിമ ബുദ്ധി അടക്കമുള്ള പുതിയ സാങ്കേതിക വിദ്യകളിലെ നിക്ഷേപവും അദ്ദേഹത്തിന് കരുത്താകുന്നു.
സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ പ്രകാരം 2027 ഓടെ മസ്ക് ട്രില്യണയർ പദവിയിൽ എത്തും. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഒരു വ്യക്തി ഇത്രയധികം ആസ്തി സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. ഇത് ലോക സാമ്പത്തിക രംഗത്ത് വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്. ഇലോൺ മസ്കിന്റെ ഓരോ നീക്കങ്ങളും ഇപ്പോൾ വിപണി ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ചൊവ്വാ ദൗത്യം അടക്കമുള്ള വലിയ പദ്ധതികൾ വരും കാലങ്ങളിൽ അദ്ദേഹത്തിന്റെ ആസ്തി ഇനിയും ഉയർത്താൻ സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി അദ്ദേഹം മാറിക്കഴിഞ്ഞു.



