തൃശൂർ പൂരത്തിന് വിളംബരമേകി നെയ്തലക്കാവിലമ്മ ഇന്ന് വടക്കുംനാഥ സന്നിധിയിലെത്തും. കൊമ്പൻ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയാണ് അമ്മയുടെ എഴുന്നള്ളിപ്പ്. രാവിലെ 8.30-ഓടെ തട്ടകത്തിൽ നിന്ന് പുറപ്പെടുന്ന എഴുന്നള്ളിപ്പ് 11 മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് 11.30-ഓടെ ക്ഷേത്രത്തിലെ തെക്കേഗോപുര നട തുറന്ന് പുറത്തേക്ക് ഇറങ്ങുന്നതോടെ പൂര വിളംബരമാകും. നാദസ്വരത്തിന്റെ അകമ്പടിയോടെ എത്തുന്ന ഭഗവതിയെ വീടുകൾക്ക് മുന്നിൽ പറ സമർപ്പിച്ചാണ് ഭക്തർ വരവേൽക്കുന്നത്.
കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീളുന്ന പാണ്ടിമേളത്തിന് ശേഷമാണ് എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങുക. വടക്കുംനാഥനെ വലംവെച്ച്, പൂരദിവസം കണിമംഗലം ശാസ്താവിന് പ്രവേശിക്കാനായി തെക്കേഗോപുര വാതിൽ തുറന്നിട്ട് ഭഗവതി പുറത്തിറങ്ങുന്നത് പൂരത്തലേന്നത്തെ ഏറ്റവും പ്രൗഢമായ കാഴ്ചയാണ്. തുടർന്ന് നിലപാട് തറയിൽ എത്തി പൂര വിളംബരം നടത്തി ഭഗവതി തട്ടകത്തേക്ക് മടങ്ങുന്നതോടെ ഘടകപൂരങ്ങളുടെ പുറപ്പാടിന് തുടക്കമാകും.
മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം ആഘോഷങ്ങൾ വെട്ടിക്കുറച്ച് ചടങ്ങുകൾ മാത്രമായാണ് നടത്തുന്നത്. പ്രധാന വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി. ഒരു മണിക്കൂർ നീളുന്ന കുടമാറ്റം 15 മിനിറ്റായി ചുരുക്കി; പരമാവധി പത്ത് സെറ്റ് കുടകൾ മാത്രമാണ് ഇത്തവണ മാറ്റുക. അതേസമയം, എട്ട് ഘടക പൂരങ്ങളും പതിവ് പോലെ ആനകളുടെയും മേളത്തിന്റെയും അകമ്പടിയോടെ വടക്കുന്നാഥ സന്നിധിയിലെത്തും. മഠത്തിൽ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും സമയക്രമത്തിൽ മാറ്റമില്ലാതെ തന്നെ അവതരിപ്പിക്കും.



