രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്കാണ് ഇലക്ഷൻ കമീഷൻ നീങ്ങുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപൽ എംപി ആരോപിച്ചു. രാഷ്ട്രീയ കക്ഷികളെ കൈകാര്യം ചെയ്യുന്നതിൽ കമീഷൻ വ്യക്തമായ വിവേചനം കാണിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പ് കമീഷൻ പൂർണ്ണമായും ബിജെപിയുടെ ഒരു വകുപ്പായി മാറിയിരിക്കുകയാണ്. പെരുമാറ്റച്ചട്ട ലംഘനവും അവകാശലംഘനവും നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കമീഷൻ ക്ലീൻ ചിറ്റ് നൽകിയപ്പോൾ, അടിസ്ഥാനരഹിതമായ വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിഗാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് നൽകി. കമീഷണറെ ഇംപീച്ച് ചെയ്യുന്ന കാര്യങ്ങൾ പ്രതിപക്ഷം ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ ‘നരകക്കുഴി’ എന്ന് വിളിച്ച് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് അധിക്ഷേപിച്ചിട്ടും ഒരക്ഷരം മിണ്ടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങി നിൽക്കുന്നത് രാജ്യത്തിന് അപമാനമാണ്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതം താൻ വിചാരിച്ചാൽ നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് പറഞ്ഞതിനോടും പ്രതികരിക്കാൻ ഭാരത സർക്കാർ തയ്യാറായില്ല. ഇന്ത്യാ-യുഎസ് വ്യാപാരകരാറിലും ഈ കീഴടങ്ങൽ പ്രകടമാണ്. വിദേശരാജ്യം ഇത്രയധികം ഇന്ത്യയെ അധിക്ഷേപിച്ച മറ്റൊരു കാലഘട്ടമില്ലെന്നും രാജ്യത്തിൻ്റെ അന്തസ്സ് കെടുത്തുന്നതാണ് അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ പ്രസ്താവനയെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.



