ഇന്ത്യയിൽ വർധിച്ചുവരുന്ന ജീവിതച്ചെലവിനെ കുറിച്ച് ആശങ്ക പങ്കുവെച്ച് ട്രാവൽ വ്ളോഗറും ആർജെയുമായ പരീക്ഷിത് ബലോചി. എൻആർഐ ആയിരുന്നിട്ടും ഇന്ത്യയിലെ സന്ദർശന സമയത്ത് താൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചുവെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പരീക്ഷിത് പറയുന്നു. ഇത് വലിയ ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു.
മുംബൈയിലെ ഒരു ഹോട്ടലിൽ ഒരു കപ്പ് ചായയ്ക്ക് 1000 രൂപ നൽകേണ്ടി വന്ന അനുഭവമാണ് പരീക്ഷിത് ഉദാഹരണമായി വീഡിയോയിൽ പറയുന്നത്. ‘ഒരു എൻആർഐ ആയതിനാൽ ഇന്ത്യയിൽ എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദിർഹത്തിലാണ് ഞാൻ ശമ്പളം വാങ്ങുന്നത്. ഇന്ത്യയിൽ അതിനാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് കരുതി. എന്നാൽ എല്ലാം മാറിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്.’-പരീക്ഷിത് പറയുന്നു.
ഒരാഴ്ച്ച മുമ്പ് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ അഞ്ചര ലക്ഷം പേരാണ് കണ്ടത്. സമാനമായ അനുഭവം പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. എല്ലാ വർഷവും മുംബൈ സന്ദർശിക്കുമ്പോൾ അവിടം ദുബായ് പോലെ ചെലവേറിയതാണെന്ന് മനസിലാക്കുമ്പോൾ താൻ ഞെട്ടാറുണ്ടെന്ന് ഒരാൾ കുറിച്ചു. ഒടുവിൽ ഒരാൾ അത് തുറന്നുപറഞ്ഞുവെന്നും ഇന്ത്യയിൽ വന്നതിനുശേഷം ഒരു ദരിദ്രനെപ്പോലെ തനിക്ക് മാത്രമാണ് തോന്നിയതെന്നാണ് കരുതിയിരുന്നതെന്നും മറ്റൊരാൾ കമന്റ് ചെയ്തു.
ഓരോ തവണ സന്ദർശിക്കുമ്പോഴും എനിക്കിത് അനുഭവപ്പെടാറുണ്ട്. ഞാൻ ഡോളറിലാണ് സമ്പാദിക്കുന്നത്. അതിനാൽ എനിക്കിത് താങ്ങാൻ കഴിയും. പക്ഷേ നാട്ടുകാർ എങ്ങനെ ഇത് കൈകാര്യം ചെയ്യുന്നു? ഇത്രയും പണം എല്ലാവർക്കും എവിടെ നിന്ന് ലഭിക്കുന്നു? അതെങ്ങനെയാണെന്ന് എനിക്കറിയാമായിരുന്നെങ്കിൽ ഞാൻ ഇന്ത്യ വിടുമായിരുന്നില്ല!’-ഒരു ഉപയോക്താവ് കുറിച്ചു.
https://www.instagram.com/reel/DNIWZJky9TG/?igsh=dXdqeWV6NHJjd3ho