പത്തനംതിട്ടയിൽ നവദമ്പതിമാർ ഉൾപ്പെടെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹനാപകടത്തിന് കാരണം കാറിന്‍റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നും മന്ത്രി പറഞ്ഞു.

കാറിന്‍റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെയും പോലീസിന്‍റെയും പ്രാഥമിക നിഗമനമെന്നും സംഭവം വളരെ ദുഃഖകരമാണെന്നും സംഭവ സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വാഹനം ഓടിക്കുന്നതിനിടെ ഉറക്കംവന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണമെന്ന ഡ്രൈവിംഗ് സംസ്‌കാരം നമുക്കുണ്ടാകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

“ഇവിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയെന്നാണ് മനസിലാക്കുന്നത്. ആ റൂട്ടില്‍ പ്രത്യേകം ശ്രദ്ധിക്കണം. ശബരിമല സീസണാണ്. ആയിരക്കണക്കിന് വണ്ടികളാണ് അതിലൂടെ കടന്നുപോകുന്നത്. അവരവര്‍ സൂക്ഷിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉറക്കംവന്നാല്‍ ഉറങ്ങുകയെന്ന ഡ്രൈവിങ് സംസ്‌കാരം നമുക്കുണ്ടാകണം.ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കുക, ചായ കുടിക്കുകയോ വണ്ടിയില്‍നിന്നിറങ്ങി അല്പം നടക്കുകയോ ചെയ്യാം. അതിനുശേഷം വണ്ടിയോടിക്കുക.” മന്ത്രി പറഞ്ഞു.