ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏക ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ഥിയാണ് സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എന്‍ വി പ്രകൃതി. ആം ആദ്മി പാർട്ടി പ്രതിനിധിയായി മത്സരിക്കുന്ന പ്രകൃതി ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ ട്രാൻസ്ജെൻഡർ സ്ഥാനാര്‍ഥി കൂടിയാണ്. ഗോത്ര വിഭാഗത്തിലെ പണിയ സമൂഹത്തിൽ നിന്നുളള ട്രാൻസ്‌വിമനായ പ്രകൃതി നൂൽപ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടി തേർവയൽ ഉന്നതിയിലാണ് താമസിക്കുന്നത്. കവിയും ആക്ടീവിസ്റ്റുമാണ് പ്രകൃതി.
ആം ആദ്മി പാര്‍ട്ടി എന്നത് സാധാരണക്കാരന്‍റെ പാര്‍ട്ടി എന്നര്‍ത്ഥം. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ജനങ്ങള്‍ക്ക് തന്നെ തിരികെ നല്‍കുന്ന നയമാണ് ഈ പാര്‍ട്ടിയുടേത്. അതാണ് എന്നെ ഈ പാര്‍ട്ടിയില്‍ ആകര്‍ഷിച്ച ഒരു ഘടകം. പിന്നെ ഞങ്ങളെ പോലെയുള്ളവര്‍ക്ക് ഇത്തരമൊരു അവസരം പൊതുവേ വേറൊരു പാർട്ടിക്കാരും തന്നിട്ടില്ല. അപ്പോള്‍ കിട്ടിയ അവസരത്തെ പ്രയോജനപ്പെടുത്തണം എന്ന് തോന്നി.



