ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഈടാക്കുന്ന ടോൾ തുക ഇനി മുതൽ ഇറാൻ്റെ ദേശീയ കറൻസിയായ റിയാലിൽ നൽകണമെന്ന നിർണ്ണായക നിയമനിർമ്മാണത്തിനൊരുങ്ങി ഇറാൻ. ഇറാൻ പാർലമെൻ്റിലെ നാഷണൽ സെക്യൂരിറ്റി കമ്മീഷൻ തലവനാണ് ഈ പുതിയ പാർലമെൻ്ററി പ്രമേയം അവതരിപ്പിച്ചത്. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ പ്രകാരം, കപ്പൽ കമ്പനികൾ ടോൾ പണമായി ഇറാൻ്റെ കറൻസി ഉപയോഗിക്കുന്നത് നിർബന്ധമാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര വിപണിയിൽ അമേരിക്കൻ ഡോളറിൻ്റെ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ഈ നീക്കം നടത്തുന്നത്. ദശാബ്ദങ്ങളായി അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധങ്ങൾ മൂലം ഇറാൻ റിയാലിൻ്റെ മൂല്യം ഗണ്യമായി ഇടിഞ്ഞിരുന്നു. ഹോർമുസ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാന മേഖലകളിൽ സ്വന്തം കറൻസി നിർബന്ധമാക്കുന്നതിലൂടെ റിയാലിൻ്റെ വിനിമയ മൂല്യം വർദ്ധിപ്പിക്കാനാണ് തെഹ്‌റാൻ ശ്രമിക്കുന്നത്. ലോകത്തിലെ എണ്ണക്കപ്പലുകളുടെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത് എന്നതിനാൽ ഈ തീരുമാനം ആഗോള വിപണിയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഇറാൻ പാർലമെൻ്റിലെ നാഷണൽ സെക്യൂരിറ്റി കമ്മീഷൻ്റെ ഈ നിർദ്ദേശം നിയമമാകുന്നതോടെ കപ്പൽ ഗതാഗത കമ്പനികൾക്ക് ടോൾ നൽകാനായി ഇറാൻ റിയാൽ ശേഖരിക്കേണ്ടി വരും. ഇത് പശ്ചിമേഷ്യൻ സാമ്പത്തിക സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ കറൻസികളിൽ ടോൾ ഈടാക്കാൻ നേരത്തെ ആലോചനകൾ നടന്നിരുന്നെങ്കിലും, ഇപ്പോൾ ദേശീയ കറൻസിക്ക് മുൻഗണന നൽകാനാണ് ഇറാൻ്റെ തീരുമാനം.
സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാന്റെ ഈ സാമ്പത്തിക നീക്കം. ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തുന്നതിനെ രാജ്യാന്തര സമുദ്ര സംഘടനകൾ എതിർക്കുന്നുണ്ടെങ്കിലും, സ്വന്തം പരമാധികാര പരിധിയിലുള്ള സ്ഥലമാണെന്ന് അവകാശപ്പെട്ടാണ് ഇറാൻ മുന്നോട്ട് പോകുന്നത്. ലബനനിലെ ആക്രമണങ്ങളും പശ്ചിമേഷ്യൻ യുദ്ധവും വിതരണ ശൃംഖലയെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ പുതിയ ടോൾ പരിഷ്കരണം എണ്ണവില വർദ്ധിപ്പിക്കാൻ കാരണമായേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.



