എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിമത പക്ഷം. നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ലയിക്കുമെന്ന് ടിഎംസി എംപി കാകോലിഘോഷ് ദസ്തിദാര്‍ പറഞ്ഞു. 20 എംപിമാരുടെ പിന്തുണയുണ്ടെന്ന് വിമത പക്ഷം ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെ അറിയിച്ചു. ആകെ സഖ്യയുടെ മൂന്നില്‍ രണ്ട് എംപിമാരുടെ പിന്തുണ ഉണ്ടെന്ന് വിമത പക്ഷം അവകാശപ്പെടുന്നു. പ്രത്യേക ഇരിപ്പിടം വേണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിന്റെ വസതിയില്‍ നടന്ന യോഗത്തിന്് ശേഷം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ വിമത വിഭാഗം കണ്ടിരുന്നു. ഇതിന് ശേഷമാണ് ഏറ്റവും പുതിയ രാഷ്ട്രീയ വഴിത്തിരിവ്. കകോലി ഘോഷ് ദസ്തിധാര്‍, സുദീപ് ബന്ധോപാധ്യായ് എന്നിവരുടെല്‍പ്പടെ 11 ലോക്‌സഭ എംപിമാരാണ് ഇന്ന് വൈകിട്ട് സ്പീക്കര്‍ ഓം ബിര്‍ളയുടെ വീട്ടിലെത്തിയത്. നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയെന്ന പ്രാദേശിക പാര്‍ട്ടിയുമായി ലയിക്കുന്ന കാര്യവും എന്‍ഡിഎയ്ക്ക് പിന്തുണയെന്ന പ്രഖ്യാപനവും സ്പീക്കറെ അറിയിച്ചു. സഭയില്‍ പ്രത്യേക ഇരിപ്പിടം വേണമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിമത പക്ഷം സ്പീക്കറോട് അഭ്യര്‍ഥിച്ചു. വിമത പക്ഷത്തിന്റെ ആവശ്യങ്ങളില്‍ സ്പീക്കര്‍ ഉടന്‍ തീരുമാനമെടുക്കും

വിമത പക്ഷത്തിന്റെ വരവിന് മുന്നോടിയായി മമത പക്ഷത്തുള്ള കീര്‍ത്തി ആസാദ് സാഗരിക ഘോഷ് എന്നീ എംപിമാര്‍ സ്പീക്കറെ കണ്ടിരുന്നു.സ്പീക്കര്‍ക്ക് ടിഎംസി എംപിമാര്‍ കത്ത് നല്‍കി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവെന്ന നിലയില്‍ അഭിഷേക് ബാനര്‍ജിയെഴുതിയ കത്താണ് നല്‍കിയത്. വിമത എംപിമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കരുത് എന്നായിരുന്നു കത്തിലെ ആവശ്യം. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒറ്റ പാര്‍ട്ടിയായി കണക്കാക്കണം എന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഗ്രൂപ്പുകള്‍ക്കും വിഭാഗങ്ങള്‍ക്കും അംഗീകാരം നല്‍കരുത് എന്നും അഭിഷേക് ആവശ്യപ്പെടുന്നുണ്ട്.