കൊച്ചി: മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വി.ഡി. സതീശനെ കാണാന്‍ പറവൂരിലെ വീട്ടിലെത്തി ടി.ജെ. വിനോദും ദീപക് ജോയിയും. എംഎല്‍എമാരുടെ അഭിപ്രായം അറിയാന്‍ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കേരളത്തില്‍ എത്താനിരിക്കെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ ചരടുവലികള്‍ സജീവമാവുകയാണ്.

വി.ഡി. സതീശനെ കണ്ടിറങ്ങിയ ടി.ജെ. വിനോദ് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. മുഖ്യമന്ത്രി ചര്‍ച്ചകളോടുള്ള ചോദ്യത്തിന് ടി.ജെ. വിനോദ് മറുപടി പറഞ്ഞില്ല. രമേശ് ചെന്നിത്തലയുടെ ഏറ്റവും വിശ്വസ്തനായ എംഎല്‍എയാണ് ടി.ജെ. വിനോദ്. അതിനാല്‍ തന്നെ വിനോദ് സതീശനെ കണ്ടതിലും ചര്‍ച്ചകള്‍ നടക്കുകയാണ്.

ജില്ലയിലെ സീനിയര്‍ നേതാക്കളെ കാണുന്നതിന്‍റെ ഭാഗമായാണ് താന്‍ വി.ഡി. സതീശനെ കാണാന്‍ എത്തിയത് എന്നാണ് ദീപക് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാ സീനിയര്‍ നേതാക്കളെയും പോയി കാണുന്നുണ്ട്. അത് അല്ലാതെ വേറെയൊന്നുമില്ല. ചൊവ്വാഴ്ച മുതല്‍ തന്നെ എല്ലാവരെയും കാണുന്നുണ്ടെന്നും ദീപക് ജോയ് പറഞ്ഞു.

മുഖ്യമന്ത്രി ചര്‍ച്ചകളോടുള്ള ചോദ്യത്തിന് ദീപക് ജോയിയും മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയില്ല. ദീപക് ജോയ് കെ. ബാബുവിന്‍റെ വിശ്വസ്തനാണ്. ഇതിനിടെ വി.ഡി. സതീശനെ കാണാനായി നൂറു കണക്കിന് പ്രവര്‍ത്തകരാണ് സതീശന്‍റെ വീട്ടിലെത്തുന്നത്. വി.ഡി. തന്നെ മുഖ്യമന്ത്രിയാകണം എന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.