ഞായറാഴ്ചകളിൽ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തതിന് തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ (AEO) എ. രാജശേഖർ ബാബുവിനെ സസ്പെൻഡ് ചെയ്തു. തിരുപ്പതി ദേവസ്വത്തിലെ ജീവനക്കാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) വ്യക്തമാക്കി. രാജശേഖർ ബാബു തന്റെ ജന്മനാടായ തിരുപ്പതി ജില്ലയിലെ പുത്തൂരിൽ എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) യുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഒരു ജീവനക്കാരനിൽ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ രാജശേഖർ പരാജയപ്പെട്ടുവെന്നും നിരുത്തരവാദപരമായി പെരുമാറിയെന്നും തിരുമല തിരുപ്പതി ദേവസ്ഥാന (ടിടിഡി) പ്രസ്താവനയിൽ പറയുന്നു. ഇത് തിരുമല തിരുപ്പതി ദേവസ്ഥാന (ടിടിഡി) മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും അവർ കൂട്ടിച്ചേർത്തു.
ആരോപണങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോർട്ടും മറ്റ് തെളിവുകളും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) വിജിലൻസ് വകുപ്പിന് സമർപ്പിച്ചതിനെ തുടർന്നാണ് രാജശേഖർ ബാബുവിനെതിരെ വകുപ്പുതല നടപടി ആരംഭിച്ചത്. രാജശേഖർ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
രാജശേഖർ ബാബു എല്ലാ ഞായറാഴ്ചയും പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തുവെന്ന് ആരോപണം ഉയർന്നിരുന്നു. ഹിന്ദു വിഭാഗത്തിൻ്റേതല്ലാത്ത മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിൻ്റെ (ടിടിഡി) ഈ തീരുമാനം.
നേരത്തെ സമാനമായ കാരണങ്ങളാൽ അധ്യാപകർ, സാങ്കേതിക ഉദ്യോഗസ്ഥർ, നഴ്‌സുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 18 ജീവനക്കാരെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) സ്ഥലം മാറ്റിയിരുന്നു. ഈ സംഭവത്തോടെ, ജീവനക്കാരുടെ വ്യക്തിപരമായ മതവിശ്വാസങ്ങളും ഔദ്യോഗിക പദവിയും തമ്മിലുള്ള അതിർവരമ്പുകൾ സംബന്ധിച്ച് പുതിയ ചർച്ചകൾക്ക് ഇത് വഴിയൊരുക്കിയിരിക്കുകയാണ്.