ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശൗചാലയത്തിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനാലിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തിൽ അമ്മയുടെ നിർണായക മൊഴിരേഖ പുറത്ത്. കുഞ്ഞിനെ വേണ്ടെന്ന് 19 കാരി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. കുഞ്ഞിനെ ആലപ്പുഴയിലെ ശിശു വിഹാറിലേക്ക് മാറ്റും. അവിടെ 60 ദിവസം പരിചരിക്കും.
ഇതരസംസ്ഥാനക്കാരനായ യുവാവുമായുള്ള ബന്ധത്തിൽ നിന്നാണ് കുഞ്ഞുണ്ടായതെന്നും ഗർഭിണിയാണെന്ന് അറിയില്ലായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ അധികൃതർ സന്ദർശിപ്പോഴാണ് പ്രതികരണം.
‘വയറ്റിൽ കൊഴുപ്പ് അടിഞ്ഞതാണെന്നാണ് കരുതിയത്. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്തുവരികയാണ്. അവിടെ പരിചയപ്പെട്ട ഇതരസംസ്ഥാനക്കാരനുമായി അടുപ്പമുണ്ടായിരുന്നു. അടുത്തകാലത്തായി അയാളുമായി ബന്ധമില്ല. താൻ ഗർഭിണിയായതും പ്രസവിച്ചതും അയാൾ അറിഞ്ഞിട്ടില്ലെന്നും’ 19 കാരി പറഞ്ഞു.
മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലാണ് യുവതിയുടെ അമ്മ. അച്ഛനും അനുജത്തിയുമാണ് വീട്ടിലുള്ളത്. വയറ്റിലെ അസുഖത്തിന് ചികിത്സയിലാണെന്നാണ് ഇവർ ബന്ധുക്കളോട് പറഞ്ഞിരുന്നത്.



