കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കില്ല. ബിജെപി അധികാരത്തിലെത്താതിരിക്കാൻ ഉണ്ടാക്കുന്ന സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. ചെയര്‍മാന്‍ പദവിയിലേയ്ക്ക് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. നഗരസഭയിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ രണ്ടാമതുള്ള എൽഡിഎഫിനെ യുഡിഎഫ് പിന്തുണയ്ക്കുമെന്നായിരുന്നു അഭ്യൂഹം. പ്രാദേശികമായി അത്തരം ചർച്ചകളും തുടങ്ങിയിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കുമ്പോൾ പുറമേ നിന്നുള്ള പിന്തുണപോലും ദോഷമാകുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫും യുഡിഎഫും. തൃപ്പൂണിത്തുറയിലെ ബിജെപി മുന്നേറ്റത്തിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന് പറഞ്ഞ് ചർച്ചകൾക്കുള്ള സാധ്യത പോലും  സിപിഎം ജില്ലാ സെക്രട്ടറി അടച്ചു.