ഇടുക്കി: കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ. ആദ്യ പിണറായി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന മാത്യു ടി തോമസ് സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നാണ് മാത്യു കുഴൽ നാടന്‍റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടു. മാത്യു ടി തോമസ് തോട്ടപ്പള്ളി സ്പിൽവേ, സമയത്ത് തുറക്കാത്തത് കരിമണൽ കമ്പനിക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരിൽ പ്രളയത്തിന് അടക്കം കാരണമായെന്നും ആരോപണം.
ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നാണ് മാത്യു കുഴൽനാടൻ ആരോപിക്കുന്നത്. തെളിവായി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയും മാത്യു കുഴൽനാടൻ വാർത്ത സമ്മേളനത്തില്‍ പുറത്തുവിട്ടു. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും മാത്യു ടി. തോമസിന് ഇതിൽ പങ്കുണ്ടെന്നും കൃഷ്ണൻകുട്ടി ശബ്ദരേഖയില്‍ പറയുന്നു. കരിമണൽ ഒലിച്ച് പോകാതിരിക്കാനാണ് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരിൽ പ്രളയത്തിന് അടക്കം കാരണമായി. തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും അനുമതി കൊടുത്തില്ലെന്നും ശബ്ദരേഖയിൽ കൃഷ്ണൻ കുട്ടി പറയുന്നു.



