തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് കണക്കുകൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പുറത്തുവിട്ടു. 79.63 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രിസൈഡിംഗ് ഓഫീസർ രേഖപ്പെടുത്തിയ കണക്കാണിത്.
എന്നാൽ ഹോം, സർവീസ് വോട്ടുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. അന്തിമ കണക്ക് മാറുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കണക്ക് പാർട്ടികൾക്ക് നൽകി. അന്തിമ കണക്ക് വന്നതിനുശേഷം ഇൻഡക്സ് കാർഡ് ഇറക്കും.
അതേസമയം തപാൽ വോട്ട് ഇന്നലെ വരെ മുതിർന്ന പൗരൻമാർ 96.3 ശതമാനവും, ഭിന്നശേഷിക്കാർ 97.71 ശതമാനവും, ആവശ്യ സർവീസ് 94.24 ശതമാനവും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ 96.37 ശതമാനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം പുരുഷന്മാർ 75.19 ശതമാനവും, സ്ത്രീകൾ 81.19 ശതമാനവും, ട്രാൻസ് ജെൻഡർ 56.04 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഇനി 53,984 സർവീസ് വോട്ടുകൾ ലഭിക്കാനുണ്ട്. വോട്ടിന്റെ കണക്കുകൾ പുറത്തുവിടാൻ വൈകിയിട്ടില്ല.
പോസ്റ്റൽ വോട്ടിന്റെ കണക്ക് സമാഹരിക്കാൻ മൂന്നു ദിവസം മാത്രമാണ് എടുത്തത്. അർഹതയുള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരുന്നു. പോസ്റ്റൽ ബാലറ്റിനെ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ നിയമപരമായി മുന്നോട്ട് പോകണമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.



