തിരുവനന്തപുരം : സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വനിതാ പോളിംഗ് 80 % കടന്നു. കേരളത്തിലെ മൊത്തം സ്ത്രീ വോട്ടർമാർ 1,39 , 21,868 ആണ് . പുരുഷന്മാർ 1, 32, 20, 811 ആണ്. ചുരുക്കത്തിൽ പുരുഷന്മാരെക്കാൾ 6% സ്ത്രീകൾ കൂടുതലായി വോട്ട് ചെയ്തു .
പോളിംഗ് ദിവസം തന്നെ സ്ത്രീകളുടെ അമ്പരപ്പിക്കുന്ന ഈ പ്രാതിനിധ്യവും നീണ്ട ക്യൂവും ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും സ്ത്രീകൾക്ക് മാത്രമുള്ള ബൂത്തുകളിലും വൻ ക്യൂവായിരുന്നു. പല ജില്ലകളുടെയും കണക്കെടുത്താൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകൾ മുന്നിൽ എത്തി .
എറണാകുളം, തൃശൂർ, കോഴിക്കോട്, കൊല്ലം പോലുള്ള ജില്ലകളിൽ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും സ്ത്രീകളാണ് പുരുഷന്മാരെക്കാൾ കൂടുതൽ വോട്ട് ചെയ്തത്. മാത്രമല്ല വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിലും സ്ത്രീകൾ തന്നെയാണ് മുന്നിൽ
2021 ൽ നമുക്ക് 12 വനിതാ എംഎൽഎമാരേ ഉണ്ടായിരുന്നു.തദ്ദേശ സ്വയംഭരണത്തിൽ സ്ഥിതി ഇതല്ല. അവിടെ സ്ത്രീ സംവരണം ഏറെക്കുറെ പാലിക്കപ്പെടുന്നതിനാൽ വനിതാ പ്രസിഡന്റ്മാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇത്തവണ സിപിഎം 12 ഇടത്തും സിപിഐ അഞ്ചിടത്തും കോൺഗ്രസ് ഒമ്പതിടത്തും മുസ്ലിം ലീഗ് രണ്ടിടത്തും ബിജെപി 14 ഇടത്തുമാണ് വനിതകളെ മത്സരിപ്പിച്ചത്.
സ്ത്രീകളുടെ കടന്നുവരവ്
അധികാരം കൂടുംതോറും സ്ത്രീ പ്രാതിനിധ്യം കുറയും എന്നാണ് പൊതുവേ ജനാധിപത്യത്തിൽ കരുതുന്നത്. പഞ്ചായത്തുകളിൽ സ്ത്രീകൾക്ക് കൂടുതൽ അധികാരം കിട്ടുമ്പോൾ അവിടെ അധികാരത്തിന്റെ ശക്തി കുറവാണല്ലോ .
എന്നാൽ സമീപകാലത്തായി സമൂഹത്തിലെ സ്ത്രീശാക്തീകരണ പ്രവണതകളും കുടുംബശ്രീ പോലുള്ള പദ്ധതികളുടെ വിജയവും സോഷ്യൽ മീഡിയയുടെ വലിയ സ്വാധീനവും സ്ത്രീകളെ കൂടുതൽ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ആകർഷിക്കുന്നുണ്ട്.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പോലുള്ളവ എത്രമാത്രം സ്വാധീനിക്കുമെന്ന് പറയുക വയ്യ. ഗ്യാസ് സബ്സിഡി പോലുള്ള സാമ്പത്തിക നയങ്ങളും കുടുംബ, പെൻഷൻ പോലുള്ള വാഗ്ദാനങ്ങളും സ്ത്രീ വേട്ടർന്മാരെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
എന്നാൽ പുതിയ തലമുറയിലെ വോട്ടർമാരെ ബൂത്തിലേക്കടുപ്പിച്ചത് സോഷ്യൽ മീഡിയയുടെ സ്വാധീനമാണ് പ്രധാനം. തീവ്ര വോട്ടർപട്ടിക പരിഷ്കരണം കഴിഞ്ഞപ്പോൾ തങ്ങളുടെ വോട്ടുകൾ നഷ്ടമായോ എന്ന പേടിയും സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്.
സ്ത്രീ വോട്ടർമാർ കൂടുതലായി വോട്ട് ചെയ്യാൻ എത്തിയത് തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിക്കും എന്ന് പ്രവചിക്കുക വയ്യ. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശബരിമല പോലുള്ള വിഷയം സ്ത്രീ വോട്ടർമാരെ കൂടുതൽ സ്വാധീനിച്ചിരുന്നു. ഇത്തവണ അങ്ങനെ പറയുക സാധ്യമല്ല.
ഇനി പാർലമെന്റ് പാസാക്കാൻ പോകുന്ന നാരീ ശക്തി വന്ദൻ നിയമങ്ങൾ പോലുള്ള വനിതാ സംവരണ നിയമങ്ങൾ കൂടി വന്നാൽ സ്ത്രീ സാന്നിധ്യം കൂടുതൽ ശക്തമാകും. സമീപകാലത്ത് കേരള സമൂഹത്തിൽ സ്ത്രീകൾ നടത്തിയ ശാക്തീകരണവും മുന്നേറ്റവും വലിയൊരു വിപ്ലവത്തിലേക്ക് ആണ് നാടിനെ നയിക്കുക എന്നതിന്റെ കാഹളമാണീ തെരഞ്ഞെടുപ്പ്.



