ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വ്യവസായഗ്രൂപ്പായ ‘ദ ട്രംപ് ഓർഗനൈസേഷൻ’ കഴിഞ്ഞ പത്തുകൊല്ലമായി ഇന്ത്യയെ യുഎസിന് പുറത്തെ അവരുടെ ഏറ്റവും വലിയ വിപണിയായി പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയെ ‘ഡെഡ് എക്കണോമി’ എന്നുവിളിച്ച് ട്രംപ് പരിഹസിക്കുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, 2024 വരെ ഇന്ത്യയിലെ ഒന്നാംകിട ബിൽഡർമാരുമായി ചേർന്ന് മുംബൈ, പുണെ, കൊൽക്കത്ത, ഗുരുഗ്രാം തുടങ്ങിയ ഏഴിടങ്ങളിലെ പ്രോജക്ടുകളിലൂടെ ചുരുങ്ങിയത് 175 കോടി രൂപ ട്രംപിൻറെ കമ്പനി സമ്പാദിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2012-ലാണ് ആദ്യത്തെ പ്രോജക്ട് പ്രഖ്യാപിച്ചത്.
ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് പദത്തിലെത്തിയതോടെ, കഴിഞ്ഞ എട്ടുമാസത്തിനിടെ 80 ലക്ഷം ചതുരശ്ര അടിയുടെ ആറ് പ്രോജക്ടുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയിലെ പങ്കാളികളായ ട്രിബേക്ക ഡെവലപേഴ്സുമായി ചേർന്ന് ഗുരുഗ്രാം, പുണെ, ഹൈദരാബാദ്, മുംബൈ, നോയിഡ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചത്. ഇതിൽ മൂന്ന് പദ്ധതികളുടെ ആകെ വിസ്തൃതി 43 ലക്ഷം ചതുരശ്ര അടിയാണ്, അതായത് ട്രംപ് ഗ്രൂപ്പ് ലക്ഷ്യംവെക്കുന്നതിൽ പകുതിയിലധികം. ഇന്ത്യയിൽ ബിസിനസ് വൻതോതിൽ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ട്രംപ് ഓർഗനൈസേഷൻ.
ഇക്കൊല്ലം മാർച്ചിൽ മുംബൈയിലെ പ്രോജക്ട് പ്രഖ്യാപനത്തിനിടെ, ഇന്ത്യ ട്രംപ് ബ്രാൻഡിനെ അസാമാന്യമായ ആവേശത്തോടെ അംഗീകരിച്ചതായി ട്രംപ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എറിക് ട്രംപ് പറഞ്ഞിരുന്നു. എറിക്കും ഡൊണാൾഡ് ട്രംപ് ജൂനിയറും ചേർന്നാണ് നിലവിൽ ദ ട്രംപ് ഓർഗനൈസേഷനെ നയിക്കുന്നത്.



