ദുബായ്/ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒൻപത് ദിവസം പിന്നിടുമ്പോൾ ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടത് 1332 പേർ. തെക്കൻ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 83 കുട്ടികളടക്കം 394 പേരും കൊല്ലപ്പെട്ടു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കൻ ലബനനിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യത്തിലെ രണ്ടു പേർ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയശേഷം ഇസ്രയേൽ സൈനികർ കൊല്ലപ്പെടുന്നത് ആദ്യമാണ്.
ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു രണ്ട് പേർ മരിച്ചു. ഒരു ഇന്ത്യക്കാരനും ബംഗ്ലദേശ് പൗരനുമാണ് മരിച്ചതെന്നാണു വിവരം. 12 പേർക്കു പരിക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽഭാഗം വീണത്. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
കുവൈത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ദുബായിൽ കാറിനു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. ബഹ്റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരയും ആക്രമണമുണ്ടായത് ഗൾഫ് മേഖലയിൽ ആശങ്ക പരത്തി.
ഇറാനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായി. ഇറാനിലെ വ്യവസായ മേഖലയിൽ ആക്രമണം ഇതാദ്യമാണ്.



