തൃശൂർ: മഹാപൂരത്തിനു നാളെ കൊടിയേറുന്പോൾ, മാനത്തെ പൂരത്തിനായി വെടിക്കെട്ടറയിൽ ഒളിപ്പിച്ച ആദ്യമിന്നൽപ്പിണർ “പ്രകന്പനം’ നഗരത്തെ പിടിച്ചുകുലുക്കും.
വരാനിരിക്കുന്ന സാന്പിളിന്റെയും പൂരം വെടിക്കെട്ടിന്റെയും പ്രധാന താരമായ ഈ പ്രകന്പനം ഗുണ്ടുകൾ പൂരംകൊടിയേറ്റത്തിനുശേഷമുള്ള വെടിക്കെട്ടിനെ മിനിസാന്പിളാക്കി മാറ്റും. സിനിമാതിയറ്ററുകളെ ഇളക്കിമറിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ പേരിൽ ഇനിയുമുണ്ട് തീയുണ്ടകൾ പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങളുടെ വെടിക്കെട്ടുപുരയിൽ.
പാറമേക്കാവിനുവേണ്ടി ബിനോയ് ജേക്കബാണ് സ്റ്റിബിൻ സ്റ്റീഫന്റെ മേൽനോട്ടത്തിൽ വെടിക്കെട്ട് ഒരുക്കുന്നത്. തിരുവമ്പാടിക്കുവേണ്ടി മുണ്ടത്തിക്കോട് സതീഷും. ഒപ്പം മുൻ ലൈസൻസികളായ കുണ്ടന്നൂർ സജിയും ഒലക്കേങ്കിൽ വിൽസണുമുണ്ട്.
പൂരം കൊടിയേറ്റദിവസമായ നാളെ ചെറിയതോതിലാണു വെടിക്കെട്ടെങ്കിലും കസറും. 24നു രാത്രി ഏഴിനു സാമ്പിൾ വെടിക്കെട്ട്. 27നു പുലർച്ചെയാണു പ്രധാന വെടിക്കെട്ട്. തുടർന്ന് പകൽപൂരത്തിനും ഉപചാരംചൊല്ലിപ്പിരിയലിനുംശേഷം പകൽവെടിക്കെട്ട്. പാറമേക്കാവ് വിഭാഗമാണ് ഇത്തവണ സാമ്പിളിന് ആദ്യം തീ കൊളുത്തുക.
പൂരച്ചൂടേറ്റാൽ പൊട്ടിവിടരാൻ പാകത്തിനുള്ള വർണവിസ്മയങ്ങൾ അണിയിച്ചൊരുക്കുന്ന തിരക്കിലാണ് ഇരുദേവസ്വങ്ങളുടെയും വെടിക്കെട്ടുപ്രമാണിമാർ. ഗുണ്ടിനും കുഴിമിന്നിക്കും ഒപ്പം ഓലപ്പടക്കവും അമിട്ടുകളുമാണ് കരിമരുന്നിന്റെ ഇന്ദ്രജാലം തീർക്കുക. ശബ്ദംകുറച്ച് വർണഭംഗി കൂട്ടിയായിരിക്കും ഇത്തവണയും തൃശൂർ പൂരം വെടിക്കെട്ടുകൾ.
ലോകകപ്പ് 20 ട്വന്റി ക്രിക്കറ്റിൽ മലയാളക്കരയുടെ അഭിമാനമായ സഞ്ജു സാംസണ് അഭിവാദ്യമർപ്പിച്ചും തേക്കിൻകാടിന്റെ ആകാശത്ത് സ്പെഷൽ സിക്സർ അമിട്ടുകൾ വിരിയും. ഞൊടിയിടയിൽ പൊട്ടിവിരിഞ്ഞ് അപ്രത്യക്ഷമാകുന്ന സർവംമായ, മുകളിലേക്കു ചീറിപ്പാഞ്ഞു പൊട്ടിവിരിയുന്ന പേട്രിയറ്റ്, ഇലക്ഷൻ വൈബ് അമിട്ടുകൾ തുടങ്ങിയവ വെടിക്കെട്ടുപ്രേമികൾക്കു ഹരമേകും.
പൂരം വെടിക്കെട്ടിൽ വർഷങ്ങളുടെ അനുഭവസമ്പത്തുമായാണ് ബിനോയിയും സതീഷും പൂരക്കാട്ടിൽ തീമഴ പെയ്യിക്കാൻ എത്തുന്നത്. നെന്മാറ – വല്ലങ്ങി വേല, കാവശേരി പൂരം തുടങ്ങി മധ്യകേരളത്തിലെ പ്രമുഖ ഉത്സവഘോഷങ്ങൾക്ക് ഉഗ്രൻ വെടിക്കെട്ടുകൾ നടത്തിയ ഫയർ ബോംബർമാരാണ് ഇരുവരും.
ചൂടിനെ നേരിടാന്‍ മുന്‍കരുതൽ
തൃശൂർ: ജില്ലയില്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൂരം കാണാനെത്തുന്നവർക്കും ആനകൾക്കും സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട മുന്കരുതൽനിർദേശങ്ങളുമായി ജില്ലാ ഭരണകൂടം.
ഉയര്‍ന്ന ചൂട്, സൂര്യാഘാതം, നിര്ജലീകരണംപോലെയുള്ള അപകടങ്ങള്‍ പ്രതിരോധിക്കാന്‍ ജാഗ്രത വേണമെന്നു ജില്ലാ കളക്ടര്‍ നിർദേശിച്ചു. ആനകള്‍ക്കു തണ്ണിമത്തന്, വെള്ളരി തുടങ്ങിയ ഫലവര്‍ഗങ്ങള്‍ യഥേഷ്ടം നല്‍കണമെന്നും ഇടയ്ക്കിടെ തറ നനച്ചുകൊടുക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു.
ശരീരത്തില്‍ ജലനഷ്ടം ഉണ്ടാകാതിരിക്കാൻ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇതുസംബന്ധിച്ചു ബോധവത്കരണം നല്‍കണമെന്നും ആരോഗ്യവകുപ്പ് അഭിപ്രായപ്പെട്ടു. അത്യാഹിതസാഹചര്യങ്ങളുണ്ടായാല് പ്രഥമശുശ്രൂഷ നല്‍കാനും ആംബുലന്‍സ് സേവനം തടസമില്ലാതെ നടത്താനും ആരോഗ്യവകുപ്പും പോലീസും നടപടി സ്വീകരിക്കേണ്ടതാണെന്നു ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
പൂരം ആസ്വദിക്കാനെത്തുന്ന ആളുകള്‍ക്കു തണലത്തു നില്‍ക്കാനുള്ള സൗകര്യങ്ങള്‍ പരമാവധി ഒരുക്കണമെന്നു ജില്ലാ കളക്ടര്‍ ദേവസ്വം അധികൃതരോടു നിര്‍ദേശിച്ചു. ഭിന്നശേഷിക്കാര്‍ക്കു മേളം ആസ്വദിക്കാനും കുടമാറ്റം കാണാനും സൗകര്യമൊരുക്കണമെന്നു സാമൂഹ്യനീതി ഓഫീസർക്കു നിർദേശം നൽകി.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍, തൃശൂര്‍ കോര്പറേഷന് സെക്രട്ടറി, പാറമേക്കാവ് – തിരുവമ്പാടി ദേവസ്വം അധികൃതര്‍, ദേവസ്വം കമ്മീഷണര്‍, വനിതാ ശിശുവികസന ഓഫീസര്‍, പെസോ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൂരത്തിനു വ്യാപാരസ്ഥാപനങ്ങളിലെ അലങ്കാരത്തിനു സമ്മാനം
തൃശൂർ: പൂരം പ്രമാണിച്ച് വടക്കുന്നാഥ ക്ഷേത്രമൈതാനത്തേക്കു കൊക്കാലെ, പടിഞ്ഞാറെകോട്ട, പാട്ടുരായ്ക്കൽ, കിഴക്കേകോട്ട എന്നിവിടങ്ങളിൽനിന്നുള്ള റോഡുകളും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കണമെന്നും ഏറ്റവും ഭംഗിയായി അലങ്കാരങ്ങൾ നടത്തുന്ന സ്ഥാപനത്തിനു കോർപറേഷൻ സമ്മാനം നൽകുമെന്നും മേയർ ഡോ. നിജി ജസ്റ്റിൻ അറിയിച്ചു.
തൃശൂർ: പൂരത്തോടനുബന്ധിച്ചു നഗരത്തിലെ തിരക്കും ഗതാഗതവും നിയന്ത്രിക്കുന്ന പോലീസിനെ സഹായിക്കാനായി ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എത്തും. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ, 23-ാം തൃശൂർ സ്കൗട്ട് ഓപ്പണ്‍ ഗ്രൂപ്പ്, 81-ാം തൃശൂർ റേഞ്ചർ ടീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് “തൃശൂർ പൂരം സർവീസ് 2026′ സംഘടിപ്പിക്കുന്നത്.
സന്നദ്ധസേവനപ്രവർത്തനങ്ങളുടെയും ട്രാഫിക് കണ്ട്രോൾ ഡ്യൂട്ടിയുടെയും ഉദ്ഘാടനം ഇന്നു രാവിലെ 10.30നു തൃശൂർ എക്സിബിഷൻ ഗ്രൗണ്ടിനുസമീപം നടക്കും. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയാകും.
ചമയപ്രദർശനവേദിയിലും സ്കൗട്ട്സ്
പൂരത്തിന്റെ പ്രധാന ആകർഷണമായ ആനച്ചമയങ്ങൾ കാണാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി “ചമയം’ എക്സിബിഷൻ ഗ്രൗണ്ടിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെ സേവനം ലഭ്യമാകും. 23, 24, 25 തീയതികളിൽ ചമയപ്രദർശനവേദിയിൽ തിരക്ക് നിയന്ത്രിക്കാനും സന്ദർശകരെ സഹായിക്കാനും വോളന്റിയർമാരെ വിന്യസിച്ചിട്ടുണ്ട്.



