കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് മരണപ്പെട്ടത് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതോടെയാണെന്ന് പ്രാഥമിക വിവരം. നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പോലീസ് പറയുന്നുണ്ട്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുടേയും ദൃക്സാക്ഷികളുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്ക് പോലീസെത്തിയത്. പ്രതികളായ 5 വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.
കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നല്കി. താമരശ്ശേരി പൊലീസാണ് നിർദേശം നൽകിയത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ ഹാജരാക്കിയ ശേഷമായിരുന്നു ഇവരെ രക്ഷതക്കൾക്കൊപ്പം വിട്ടത്.
നഞ്ചക്ക് കൊണ്ട് തലയ്ക്കേറ്റ ക്ഷതമാണ് ഷഹബാസിൻ്റെ മരണകാരണമെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമികവിവരം. ചെവിയുടേയും കണ്ണിന്റേയും ഭാഗത്ത് പരിക്കുകളുണ്ട്. പുറമേയ്ക്ക് പരിക്കുകൾ കാണാനില്ലെന്നും ആന്തരികമായി ഗുരുതരമായ പരിക്കേറ്റെന്നും ഡോക്ടർമാർ അറിയിച്ചു. ഫെയർവെൽ പാർട്ടി നടന്ന ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിയായിരുന്നില്ല ഷഹബാസ്. വീട്ടിൽ പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാൽ പലഹാരം വാങ്ങുന്നതിനുള്ള പൈസ ഷഹബാസിനെ ഏൽപ്പിച്ചിരുന്നു. സുഹൃത്ത് വന്നുവിളിച്ചപ്പോൾ ഷഹബാസ് കൂടെപ്പോവുകയായിരുന്നു. സുഹൃത്ത് തന്നെയാണ് അവശനിലയിലുള്ള ഷഹബാസിനെ വീട്ടിൽക്കൊണ്ടുവിട്ടത്. ഇതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.



