എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പരാമർശിക്കുന്ന അധ്യായം ഉൾപ്പെടുത്തിയ സംഭവത്തിൽ എൻസിഇആർടി (NCERT) നിരുപാധികമായി ക്ഷമ ചോദിച്ചു. വിവാദമായ പാഠപുസ്തകം വിപണിയിൽ നിന്നും സ്കൂളുകളിൽ നിന്നും പൂർണ്ണമായും പിൻവലിച്ചതായി എൻസിഇആർടി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ ബുധനാഴ്ച വാദം കേൾക്കാനിരിക്കെയാണ് ഈ നിർണ്ണായക നീക്കം.

എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകമായ ‘Exploring Society: India and Beyond’-ലെ ‘The Role of Judiciary in our Society’ എന്ന അധ്യായമാണ് വിവാദത്തിന് ആധാരമായത്. ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, പുസ്തകത്തിന്റെ വിതരണം ഉടൻ തടയാനും ഓൺലൈൻ പതിപ്പുകൾ വെബ്സൈറ്റുകളിൽ നിന്ന് നീക്കം ചെയ്യാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ജുഡീഷ്യറിക്ക് എതിരെയുള്ള ഇത്തരം പരാമർശങ്ങൾ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.

വിഷയത്തിൽ എൻസിഇആർടി നൽകിയ ഖേദപ്രകടനം കൊണ്ട് മാത്രം കാര്യമില്ലെന്നും, ഇത്തരം ഒരു ഉള്ളടക്കം പുസ്തകത്തിൽ ഉൾപ്പെടുത്താൻ ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരുകൾ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കഴിഞ്ഞ തവണ കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ എൻസിഇആർടി ഡയറക്ടർക്കും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും കോടതി കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോൾ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് എൻസിഇആർടി ഉദ്യോഗസ്ഥർക്ക് നിർണ്ണായകമാകും.