ഷിക്കാഗോ മേഖലയിലെ ഫെഡറൽ സ്വത്തുക്കൾ സംരക്ഷിക്കാനും മെംഫിസിലെ നിയമപാലകരെ സഹായിക്കാനും നാഷണൽ ഗാർഡ് സൈനികർ സേവനം  ആരംഭിച്ചതായി ഉദ്യോഗസ്ഥർ. 200 ടെക്സസ് ഗാർഡ് സൈനികരുടെ ഒരു ഗ്രൂപ്പ് ഷിക്കാഗോ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് നോർത്തേൺ കമാൻഡിന്റെ വക്താവ് പറഞ്ഞു. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കെട്ടിടങ്ങളെയും മറ്റ് ഫെഡറൽ സൗകര്യങ്ങളെയും നിയമ നിർവ്വഹണ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുക എന്നതാണ്  സൈന്യത്തിന്റെ പ്രഥമ ലക്ഷ്യമെന്ന്  നോർത്തേൺ കമാൻഡ് പറഞ്ഞു.

ഇല്ലിനോയിസിൽ നിന്നുള്ള ഏകദേശം 300 പേർക്കൊപ്പം സൈനികരും ചൊവ്വാഴ്ച ഷിക്കാഗോയിൽ നിന്ന് 55 മൈൽ (89 കിലോമീറ്റർ) തെക്ക് പടിഞ്ഞാറുള്ള എൽവുഡിലുള്ള ഒരു യുഎസ് ആർമി റിസർവ് സെന്ററിൽ എത്തിയിരുന്നു. 500 സൈനികരും നോർത്തേൺ കമാൻഡിന് കീഴിലാണ്, 60 ദിവസത്തേക്ക് അവർ സജീവമാക്കിയിട്ടുണ്ട്.

മെംഫിസിൽ, മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സുമായി ഒരു ചെറിയ കൂട്ടം സൈനികർ പ്രവർത്തിക്കുന്നുണ്ടെന്ന്  സംസ്ഥാന സൈനിക വകുപ്പ് വക്താവ് പറഞ്ഞു, ഗാർഡ് അംഗങ്ങളുടെ കൃത്യമായ പങ്കോ എണ്ണമോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട  ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളുടെ ഒരു ശേഖരമാണ് ടാസ്‌ക് ഫോഴ്‌സ്.

അതേസമയം നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കുന്നതിനെതിരെ ബുധനാഴ്ച വൈകുന്നേരം നൂറുകണക്കിന് ആളുകൾ ഡൗണ്ടൗണിൽ മാർച്ച് നടത്തി.