അഫ്ഗാനിസ്ഥാനില്‍ നിന്ന് കടക്കാന്‍ ശ്രമിച്ച 54 ഭീകരരെ വധിച്ചതായി പാകിസ്ഥാന്‍ സൈന്യം അവകാശപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയിലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ നോര്‍ത്ത് വസീറിസ്ഥാന്‍ ജില്ലയിലാണ് സംഭവം നടന്നത്.

രാജ്യങ്ങളുടെ പേര് പറയാതെ, കൊല്ലപ്പെട്ട ‘വിമതരെ’ അവരുടെ ‘വിദേശ യജമാനന്മാര്‍’ പാകിസ്ഥാനില്‍ ഉന്നതതല ഭീകരാക്രമണങ്ങള്‍ നടത്താന്‍ അയച്ചതാണെന്ന് പാക് സൈന്യം ആരോപിച്ചു.

തെഹരീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ അഥവാ ടിടിപി എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ താലിബാന്‍, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ സഖ്യകക്ഷിയാണ്. 2021 ഓഗസ്റ്റില്‍ അഫ്ഗാന്‍ താലിബാന്‍ യുഎസില്‍ നിന്ന് അധികാരം പിടിച്ചെടുത്തതുമുതല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ സജീവമാണ് ടിടിപി.