ആഗോള ടെക് ഭീമനായ മെറ്റയില്‍ വീണ്ടും വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. കമ്പനിയിലെ ഏകദേശം 10 ശതമാനം വരുന്ന 8,000 ജീവനക്കാരെ പിരിച്ചുവിടാനാണ് മെറ്റ തയ്യാറെടുക്കുന്നത്. മെയ് 20 ബുധനാഴ്ചയോടെ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി വടക്കേ അമേരിക്കയിലെ ജീവനക്കാരോട് അന്നേദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പുതിയ ആളുകളെ നിയമിക്കുന്നതിനായി കമ്പനി മാറ്റിവെച്ചിരുന്ന 6,000 ഒഴിവുകള്‍ പൂര്‍ണ്ണമായും റദ്ദാക്കാനും മെറ്റ തീരുമാനിച്ചിട്ടുണ്ട്. നടപടികളുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ പ്രാദേശിക സമയം രാവിലെ 4 മണിക്ക് തന്നെ ജീവനക്കാര്‍ക്ക് ലഭിക്കുമെന്നാണ് വിവരം. മെറ്റാ എച്ച്ആര്‍ മേധാവി ജാനല്‍ ഗെയില്‍ അയച്ച ആഭ്യന്തര മെമ്മോ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
നിലവിലെ പിരിച്ചുവിടല്‍ കമ്പനിയുടെ ചെലവ് ചുരുക്കലിന് വേണ്ടിയുള്ളതല്ല, മറിച്ച് പ്രവര്‍ത്തനങ്ങളിലെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ്. പല ടീമുകള്‍ക്കും കുറഞ്ഞ മാനേജ്മെന്റ് തലങ്ങളോടെയും ചെറിയ ഗ്രൂപ്പുകളായും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. സ്ഥാപനങ്ങള്‍ക്ക് ലളിതമായ ഘടനയോടെ മുന്നോട്ട് പോകാന്‍ കഴിയുന്ന ഘട്ടമാണിതെന്ന് മെറ്റ എച്ച്ആര്‍ മേധാവി ജാനല്‍ ഗെയില്‍ പറഞ്ഞു. കമ്പനിയില്‍ തുടരുന്ന 7,000 ഓളം ജീവനക്കാരെ എഐ കേന്ദ്രീകരിച്ച് പുതുതായി രൂപീകരിക്കുന്ന നാല് പ്രത്യേക വിഭാഗങ്ങളിലേക്ക് പുനര്‍ വിന്യസിക്കുമെന്നും മെമ്മോയില്‍ വ്യക്തമാക്കുന്നുണ്ട്.
പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് മികച്ച പാക്കേജാണ് മെറ്റ വാഗ്ദാനം ചെയ്യുന്നത്. യുഎസിലെ ജീവനക്കാര്‍ക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളവും, കമ്പനിയില്‍ ജോലി ചെയ്ത ഓരോ വര്‍ഷത്തിനും ആനുപാതികമായ അധിക ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ ഹെല്‍ത്ത് കെയര്‍, കരിയര്‍ സപ്പോര്‍ട്ട് എന്നിവയും കമ്പനി നല്‍കും. യുഎസിന് പുറത്തുള്ള ജീവനക്കാര്‍ക്കായി അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ക്ക് വിധേയമായി വ്യത്യസ്തമായ പാക്കേജുകളായിരിക്കും നല്‍കുക.
2026 ല്‍ 125 ബില്യണ്‍ മുതല്‍ 145 ബില്യണ്‍ ഡോളര്‍ വരെ മൂലധനച്ചെലവാണ് മെറ്റ പ്രതീക്ഷിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനും എഐ മോഡലുകളുടെ പരിശീലനത്തിനുമായാണ് വിനിയോഗിക്കുക. ഈ വന്‍ തുക കണ്ടെത്തുന്നതിനാണ് നിലവില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്.
അതേസമയം പുതിയ പരിഷ്കാരങ്ങള്‍ കമ്പനിക്കുള്ളില്‍ ജീവനക്കാരുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എഐ ഏജന്റുകളെ പരിശീലിപ്പിക്കുന്നതിനായുള്ള ‘മോഡല്‍ കേപ്പബിലിറ്റി ഇനിഷ്യേറ്റീവ്’ എന്ന പുതിയ സംവിധാനത്തിന്റെ ഭാഗമായി ജീവനക്കാരുടെ കീസ്ട്രോക്കുകളും മൗസ് ചലനങ്ങളും കമ്പനി രേഖപ്പെടുത്തുന്നുണ്ട്. ഇത് ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി.
ഈ നിരീക്ഷണ സംവിധാനം അവസാനിപ്പിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും, ഇത് ജീവനക്കാരെ നിരീക്ഷിക്കാനല്ലെന്നും, മനുഷ്യര്‍ എങ്ങനെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു എന്ന് എഐയെ പഠിപ്പിക്കാന്‍ മാത്രമാണെന്നുമാണ് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗ് നല്കിയ വിശദീകരണം.



