കാസർകോട്:  നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്റെ പുതുയുഗ യാത്ര കാസർകോട് കുമ്പളയിൽ നിന്ന് ആരംഭിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. യു ഡി എഫ് ഘടക കക്ഷികളുടെ പതാകകൾ കൈമാറിയായിരുന്നു ഉദ്ഘാടനം. നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ എന്ന മുദ്രാവാക്യമാണ് സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഉയർത്തുന്നത്. ശബരിമല സ്വർണ്ണക്കൊള്ള അടക്കം  പിണറായി സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് യാത്രയിലൂടെ യു ഡി എഫ് ലക്ഷ്യമിടുന്നത്. അധികാരത്തിൽ എത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ യാത്രയിൽ ഘട്ടംഘട്ടമായി പ്രഖ്യാപിക്കാനാണ് തീരുമാനം. ഘടക കക്ഷികളിൽ കൂടുതൽ കെട്ടുറപ്പുണ്ടാക്കാൻ പുതുയുഗ യാത്ര സഹായകരമാകുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. അണികളെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുകയും ലക്ഷ്യമിടുന്നു. എല്ലാ ദിവസവും വിവിധ മേഖലകളിലുള്ള സാധാരണക്കാരുമായി മുഖാമുഖവും സംഘടിപ്പിക്കുന്നുണ്ട്. നിയമസഭാ മണ്ഡലങ്ങളിലെല്ലാം പര്യടനം നടത്തും. ഒരു മാസക്കാലം നീളുന്ന യാത്ര മാർച്ച്‌ ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് പുതുയുഗ യാത്രയുടെ സമാപനം.

‘ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യു ഡി എഫ്’ എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. സി പി എം വർഗീയ വാദികളുടെ കൈകളിലേക്ക് തീപന്തം എറിഞ്ഞു കൊടുക്കുന്നു എന്ന് പറഞ്ഞ സതീശൻ, വർഗീയത ആര് പറഞ്ഞാലും അതിനെ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി. രാഷ്ട്രീയ ജാഥകളില്‍ നിന്നും വ്യത്യസ്തമായി ഭാവി കേരളം എങ്ങനെയായിരിക്കണമെന്നത് പുതുയുഗ യാത്ര ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യു ഡി എഫിന് ബദല്‍ പദ്ധതികളുണ്ട്. പൗരപ്രമുഖരുമായല്ല, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുമായാണ് കൂടിക്കാഴ്ച നടത്തുകയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയ യുഗപിറവിക്ക് പുതുയുഗ യാത്ര തുടക്കം കുറിക്കുമെന്നും അദ്ദേഹം വിവരിച്ചു. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ രക്തസാക്ഷി ഫണ്ട് കട്ടെടുത്തെന്ന് പറഞ്ഞയാള്‍ക്കെതിരെ നടപടി എടുക്കുന്നതാണോ സി പി എമ്മിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദമെന്നും പുതുയുഗ യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് കാസര്‍കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സതീശൻ ചോദിച്ചു.