ദക്ഷിണ കൊറിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ വർധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കിട്ട കുറിപ്പിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുഎസുമായുള്ള നേരത്തെയുള്ള വ്യാപാര കരാർ ദക്ഷിണ കൊറിയ പാലിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ട്രംപ് പ്രഖ്യാപിച്ചു. വാഹനങ്ങൾ, മരം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ താരിഫ് 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തി.
മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം യുഎസും ദക്ഷിണ കൊറിയയും വ്യാപാര, സുരക്ഷാ കരാറിൽ ഏർപ്പെട്ടതിന് മാസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ നടപടി. ദക്ഷിണ കൊറിയയുടെ നിക്ഷേപ വാഗ്ദാനങ്ങൾക്കൊപ്പം യുഎസ് താരിഫ് വെട്ടിക്കുറച്ചതിന് ശേഷമാണ് കരാർ അന്തിമമാക്കിയത്. അന്നത്തെ കരാർ പ്രകാരം, വാഹനങ്ങൾ, കാർ ഭാഗങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ ദക്ഷിണ കൊറിയൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം താരിഫ് തീരുമാനിച്ചിരുന്നു.
ദക്ഷിണ കൊറിയൻ കാറുകൾക്കുള്ള യുഎസ് തീരുവ 25 ശതമാനത്തിൽ നിന്ന് കുറച്ചതായിരുന്നു കരാറിലെ നിർണായക തീരുമാനം. ദക്ഷിണ കൊറിയയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ 27 ശതമാനവും ഓട്ടോമൊബൈൽ വ്യവസായവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ കാർ കയറ്റുമതിയുടെ പകുതിയോളംവരും ഇത്.



