ഉത്തർപ്രദേശിലെ അമേഠിയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ ‘ആരാണ് ആദ്യം തന്തൂരി റൊട്ടി കഴിക്കേണ്ടത്’ എന്നതിനെ ചൊല്ലിയുണ്ടായ തർക്കം രണ്ട് കൗമാരക്കാരുടെ മരണത്തിൽ കലാശിച്ചു. 

മെയ് മൂന്നിന് ഒരു ഗ്രാമത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത 17 വയസ്സും 18 വയസ്സുമുള്ള അതിഥികളാണ് തന്തൂരി റൊട്ടിയുടെ പേരിലുള്ള വാക്കുതർക്കത്തിനിടെ കൊല്ലപ്പെട്ടത്. 18 വയസ്സുകാരനായ രവി കുമാറും 17 വയസ്സുള്ള കുട്ടിയും തമ്മിലുണ്ടായ തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയും, ഇരുവരും വടികൊണ്ട് പരസ്പരം അടിക്കുകയും ചെയ്തു.

ഈ സംഘർഷത്തിൽ ഇരുവർക്കും ഗുരുതരമായ പരിക്കേറ്റു. പ്രായപൂർത്തിയാകാത്ത കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രവികുമാറിനെ ചികിത്സയ്ക്കായി ട്രോമ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടു.

‘ഞങ്ങളെല്ലാവരും തിരക്കിലായിരുന്നു, പെട്ടെന്നാണ് ഒരു വഴക്കുണ്ടായതായി അറിയുന്നത്. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ആൺകുട്ടികൾ തമ്മിൽ അടിപിടിയുണ്ടാവുകയും അവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു റൊട്ടിയുടെ പേരിലാണ് ഇത്രയും വലിയ ദുരന്തം സംഭവിച്ചത്.’ മകളുടെ വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്ന രാംജീവൻ വർമ്മ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.