ഷാർജ: സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്ന കാര്യത്തിലും അവ നടപ്പാക്കുന്ന കാര്യത്തിലും യുഎഇ ഭരണാധികാരികൾ പുലർത്തുന്ന മികവ് അഭിനന്ദനാർഹമാണെന്ന് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘സാമ്പത്തിക നവീകരണവും സമഗ്ര വളർച്ചയും’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതുതരം ഭരണസമ്പ്രദായമാണെങ്കിലും ഏത് വിഭാഗത്തിൽ പെടുന്ന സമ്പദ് വ്യവസ്ഥയാണെങ്കിലും പദ്ധതികൾ എങ്ങനെ നടപ്പാക്കുന്നു എന്നതാണ് പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. മിക്ക രാജ്യങ്ങളിലെയും ഏറ്റവും പ്രധാന പ്രശ്നം നിർവഹണത്തിലെ പോരായ്മയാണെന്ന് ഡോ. പളനിവേൽ ത്യാഗരാജൻ നിരീക്ഷിച്ചു.

ആഗോളതലത്തിൽ പ്രതിഭാശാലികളായ തമിഴ്നാട് സ്വദേശികൾ ഉയർന്ന് വരാൻ കാരണം സർക്കാരിന്റെ ദ്വിഭാഷാ നയമാണ്. മാതൃഭാഷയായ തമിഴിനൊപ്പം എല്ലാവരും ആവശ്യത്തിന് ഇംഗ്ലീഷ് പഠിക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമുള്ള ജോലികൾ സംസ്ഥാനത്തേക്ക് വരുമ്പോഴോ മികച്ച തൊഴിൽ തേടി വിദേശത്തേക്ക് പോകുമ്പോഴോ തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് ഇത് ഗുണകരമായി മാറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.