മാധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ വാക്കേറ്റം. തെന്നിന്ത്യൻ താരം രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് താരം ക്ഷുഭിതനായത്. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ തമിഴ്സിനിമ ലോകവും പ്രതിരോധത്തിലായിരിക്കുകയാണ്. മലയാള സിനിമാ സെറ്റിൽ കാരവനിൽ ഒളിക്യാമറ വെച്ചതായും നടിമാരുടെ നഗ്ന ദൃശ്യങ്ങൾ ചിലർ പകർത്തുകയും ചെയ്തത് താൻ കണ്ടെന്നുമാണ് രാധിക പറഞ്ഞത്.
തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്ത് മാധ്യമപ്രവർത്തകർ ഹേമ കമ്മിറ്റി റിപ്പോർട്ടും രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലും സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. എന്നാൽ നല്ലൊരു പരിപാടിക്ക് വന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി.
വീണ്ടും ചോദ്യം ഉണ്ടായപ്പോഴാണ് തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മറുപടി നൽകിയത്. വീണ്ടും മാധ്യമ പ്രവർത്തകർ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയായിരുന്നു. മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു.



