ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ന്യൂസിലൻഡിന് 256 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 255 റൺസ് പടുത്തുയർത്തി. അർധസെഞ്ചുറി നേടിയ സഞ്ജു സാംസൺ (89), അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. കിവീസിനായി ജെയിംസ് നീഷം മൂന്നു വിക്കറ്റ് വീഴ്ത്തി. ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും സ്വപ്ന തുല്ല്യമായ തുടക്കമാണ് നൽകിയത്.
പവർപ്ലേയിൽ ഇരുവരും 92 റൺസാണ് അടിച്ചെടുത്തത്. 18 പന്തിൽ അഭിഷേക് ശർമ അർധസെഞ്ചുറി കുറിച്ചു. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിംഗ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. ഇന്നിംഗ്സിന്റെ ആദ്യ നാലുപന്തുകളിലും റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും അഞ്ചാം പന്തിൽ സിക്സറോടെയാണ് സഞ്ജു ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ ഓവറിൽ ഏഴ് റൺസും രണ്ടാം ഓവറിൽ അഞ്ച് റൺസും പിറന്നു. പിന്നീട് സഞ്ജുവും അഭിഷേകും വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു.



