സിറിയൻ പ്രസിഡന്‍റ് ബഷാർ അൽ അസദും കുടുംബവും മോസ്കോയിലെന്ന് റിപ്പോർട്ട്. റഷ്യ അഭയം നൽകിയെന്ന് റഷ്യൻ ഔദ്യോഗിക മാധ്യമമായ TASS റിപ്പോർട്ട് ചെയ്തു. മാനുഷിക പരിഗണന കണക്കിലെടുത്താണ് അഭയം നൽകിയതെന്ന് റഷ്യൻ വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിറിയയിൽ അദ്ദേഹത്തിൻ്റെ സർക്കാർ അട്ടിമറിക്കപ്പെടുകയും അസദ് രാജ്യം വിടുകയും ചെയ്തെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അസദും കുടുംബവും എവിടെയന്നത് സംബന്ധിച്ച സസ്പെൻസ് അവസാനിച്ചിരിക്കുകയാണ്.
ദമാസ്‌കസിൽ ഞായറാഴ്ച പുലർച്ചെയാണ് അസദ് വിമാനം കയറിയത്. പിന്നാലെ അദ്ദേഹം രാജ്യം വിട്ടതായി സ്ഥിരീകരിച്ച് റഷ്യ എത്തിയിരുന്നു. വിമതർ ഭരണം പിടിച്ചതിന് പിന്നാലെ സമാധാനപരമായ അധികാര കൈമാറ്റത്തിന് ശേഷമാണ് അസദ് രാജ്യം വിട്ടതെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ അസദ് എങ്ങോട്ടാണ് പോയതെന്നത് റഷ്യ അറിയിച്ചിട്ടില്ല.
സിറിയയിലെ റഷ്യയുടെ സൈനിക താവളങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ നിലവിൽ ഗുരുതരമായ ഭീഷണിയൊന്നും ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. എല്ലാ സിറിയൻ പ്രതിപക്ഷ ഗ്രൂപ്പുകളുമായും മോസ്കോ ബന്ധപ്പെടുന്നുണ്ടെന്നും അക്രമത്തിൽനിന്നു വിട്ടുനിൽക്കാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നതായും റഷ്യ വ്യക്തമാക്കി.



