നടൻ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കുമോന്ന ചോദ്യത്തിന് മറുപടിയുമായി പ്രസിഡന്റ് ശ്വേത മേനോൻ. ദിലീപ് അമ്മയുടെ മെമ്പർ ആണോന്ന് ചോദിച്ച ശ്വേത, മെമ്പറാകാൻ ആദ്യം അപേക്ഷ നൽകണമെന്ന് പറഞ്ഞു. മെമ്മറി കാർഡ് വിവാദത്തിൽ കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകിയെന്ന് അറിയിച്ചുള്ള വാർത്ത സമ്മേളനത്തിൽ ആയിരുന്നു ശ്വേതയുടെ പ്രതികരണം.
ദിലീപിനെ തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, ‘മൂപ്പര് മെമ്പറാണോ. അല്ലല്ലോ. മെമ്പർഷിപ്പിന് അപേക്ഷിക്കട്ടെ എന്നിട്ട് നമുക്ക് ആലോചിക്കാം. അമ്മയുടെ അംഗമാകണമെങ്കിൽ നിങ്ങൾ ആദ്യം അപേക്ഷ നൽകണം. മൂപ്പര് മെമ്പറല്ല’, എന്നാണ് ശ്വേത മേനോൻ മറുപടി നൽകിയത്.
അതേസമയം, 2018ൽ സിനിമയിൽ മീ ടു വിവാദങ്ങൾ ഉയർന്നുവന്നപ്പോൾ വനിതാ അംഗങ്ങളിൽ ചിലർ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നെന്നും ഇത് ഒരു മെമ്മറി കാർഡിൽ റെക്കോർഡ് ചെയ്തിരുന്നുവെന്നും താരസംഘടന നിയോഗിച്ച അന്വേഷണസമിതി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ മെമ്മറി കാർഡ് കുക്കൂ പരമേശ്വരൻ കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നു എന്നാണ് കണ്ടെത്തൽ. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് സംഘടനാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ.



