മലപ്പുറം: ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഏറ്റവും ശക്തിയുള്ള പൊന്നാനി മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് വരാൻ സാധ്യത. വിജയസാധ്യത കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ കളത്തിലിറക്കാനാണ് സി.പി.എം. തീരുമാനം. പി.ബി. അംഗം എ. വിജയരാഘവന്റെ പേരും പറഞ്ഞുകേട്ടിരുന്നെങ്കിലും പിണറായിക്കു പുറമേ മറ്റൊരു പി.ബി. അംഗം കൂടി മത്സരിക്കാനിടയില്ല. ഉറച്ച സീറ്റെന്ന നിലയിലാണ് സ്വരാജിനെ പൊന്നാനിയിൽ പരിഗണിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ്. വൻ നേട്ടമുണ്ടാക്കിയപ്പോഴും പൊന്നാനി നിയോജകമണ്ഡലത്തിൽ 1274 വോട്ടുകളുടെ മേൽക്കൈ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണ്ഡലത്തിലെ പൊന്നാനി മുനിസിപ്പാലിറ്റിയും വെളിയങ്കോട് പഞ്ചായത്തും എൽ.ഡി.എഫിന്റെ ഭരണത്തിലാണ്. പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക്, മാറഞ്ചേരി പഞ്ചായത്തുകൾ യു.ഡി.എഫിന്റെ പക്കലും. 2001-ൽ എം.പി. ഗംഗാധരൻ ജയിച്ചതിനുശേഷം പൊന്നാനിയിൽ യു.ഡി.എഫ്. പച്ച തൊട്ടിട്ടില്ല. സ്വരാജോ മറ്റ് മുതിർന്ന നേതാക്കളോ എത്തുന്നില്ലെങ്കിൽ നിലവിലുള്ള എം.എൽ.എ. പി. നന്ദകുമാറിന് ഒരു വട്ടംകൂടി അവസരം നൽകാൻ സാധ്യതയുണ്ട്. പഴയ തലമുറയിലെ മുതിർന്ന നേതാവായ നന്ദകുമാർ കഴിഞ്ഞ തവണ 17,043 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.
പൊന്നാനിയിലെ പ്രമുഖ നേതാവ് ടി.എം. സിദ്ദിഖിന് നൽകാതെ പി. നന്ദകുമാറിന് സീറ്റ് നൽകിയതിന്റെ പേരിൽ കഴിഞ്ഞതവണ ഒരുവിഭാഗം പാർട്ടി അണികൾ പ്രകടനം നടത്തിയിരുന്നു. ഇതിനെത്തുടർന്ന് സിദ്ദിഖിനെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്തുകയുംചെയ്തു. എന്നാൽ വളരെ വേഗം തിരിച്ചെത്തിയ സിദ്ദിഖ് ഇപ്പോൾ ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. വെളിയങ്കോട് ഡിവിഷനിൽനിന്നുള്ള ബ്ലോക്ക് പഞ്ചായത്തംഗമായി മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു സിദ്ദിഖ്. യു.ഡി.എഫ്. വിജയിച്ച വാർഡുകളിൽ പലയിടത്തും സിദ്ദിഖിന് ഭൂരിപക്ഷമുണ്ടായിരുന്നു. വിജയസാധ്യതയാണ് ഏക മാനദണ്ഡമെങ്കിൽ സിദ്ദിഖ് പരിഗണിക്കപ്പെട്ടേക്കാം.
സ്വരാജ് എത്തിയാൽ എന്തു വിലകൊടുത്തും അദ്ദേഹത്തെ തോൽപ്പിക്കാൻ ബി.ജെ.പി. യുടെ നീക്കമുണ്ടാകുമെന്ന് ഒരു വിഭാഗം തിരഞ്ഞെടുപ്പ് നിരീക്ഷകർ പറയുന്നുണ്ട്. ബി.ജെ.പി.ക്ക് സാമാന്യം സ്വാധീനമുണ്ട് പൊന്നാനിയിൽ. യു.ഡി.എഫിൽ കെ.പി.സി.സി. ജനറൽസെക്രട്ടറി കെ.പി. നൗഷാദ് അലി സീറ്റുറപ്പിച്ച് പ്രചാരണത്തിൽത്തന്നെ ഒരളവോളം മുന്നേറിയിട്ടുണ്ട്. സിദ്ദിഖ് പന്താവൂർ, പി.ടി. അജയ് മോഹൻ എന്നിവരും യു.ഡി.എഫ്. പട്ടികയിലുണ്ട്.



