പിഎം ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സർക്കാരിന് നിലപാട് മാറ്റമാണ്. പിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറയുന്നതവർ തന്നെ എടുത്ത് തലയിൽ വെച്ചെന്നും എൽഡിഎഫ് സർക്കാർ ഒരു നയാ പൈസയും പദ്ധതിയുടെ ഭാഗമായി വാങ്ങിയിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി ഒരു മാസം ആകുന്നതേ ഉള്ളു. ഇതിനോടകം സർക്കാരിന്റെ ദിശ കൃത്യമായ രീതിയിൽ പുറത്തു വന്നുവെന്ന് എം.സ്വരാജ് പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേ മാതരം പൂർണമായി ആലപിച്ചത് തന്നെ എല്ലാം വ്യക്തമാക്കി. അന്ന് ലോക്ഭവനോട് കൃത്യമായി പറയാൻ മുഖ്യമന്ത്രിക്ക് ആർജവം ഉണ്ടായില്ല. നിയമസഭയിലും ആ സ്ഥിതി കണ്ടു. സംഘപരിവാർ ഉദ്യോഗസ്ഥനെ തിരഞ്ഞു പിടിച്ചു മുഖ്യമന്ത്രി സെക്രട്ടറിയാക്കിയെന്ന് അദേഹം കുറ്റപ്പെടുത്തി.

സർക്കാരിനും മുഖ്യമന്ത്രിക്കും സംഘപരിവാർ വിധേയത്വമാണെന്ന് എം സ്വരാജ് വിമർശിച്ചു. യുഡിഎഫ് നേതാക്കൾ ഊഴമിട്ട് പദ്ധതിയെ എതിർത്തിരുന്നു. പദ്ധതി അറബിക്കടലിൽ എറിയുമെന്നു ഇപ്പോഴത്തെ തദ്ദേശ മന്ത്രി അന്ന് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ചു നടത്തി. എന്തൊക്കെ പ്രകടനങ്ങൾ ആയിരുന്നു. അന്നേ ഇടതു മുന്നണി നിലപാട് പറഞ്ഞിരുന്നു. എസ്എസ്കെ ഫണ്ട് വിട്ടു കിട്ടാൻ മാത്രമായിരുന്നു അന്നത്തെ നീക്കമെന്ന് എം സ്വരാജ് കൂട്ടിച്ചേർത്തു.

പി എം ശ്രീയിൽ ഒപ്പിട്ടു കഴിഞ്ഞ സർക്കാർ പണം വാങ്ങിയെന്നാണ് ഉത്തരവാദിത്തപെട്ടവർ പറയുന്നത്. എസ്എസ്കെ ഫണ്ടും പി എം ശ്രീ ഫണ്ടും തമ്മിലുള്ള വ്യത്യാസം പോലും ഈ സർക്കാരിന് അറിയില്ല. പി എം ശ്രീ ഒപ്പിടാത്തത് കൊണ്ടാണ് എസ്എസ്കെ ഫണ്ട് പോലും തടഞ്ഞു വെച്ചതെന്ന് എം സ്വരാജ് പറഞ്ഞു. അധികാരത്തിൽ എത്തിയാൽ പി.എം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന പ്രഖ്യാപനം നടത്തിയവരാണ് ഭരണത്തിലേറിയപ്പോൾ, സാങ്കേതികത്വം പറഞ്ഞ് മലക്കം മറിഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിരുന്ന് ഇടത് മുന്നണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ യുഡിഎഫിനെ തിരിഞ്ഞുകൊത്തുകയാണ്.