നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. സെപ്റ്റംബര്‍ 7ന് കോടതിയില്‍ ഹാജരാകാന്‍ ഗംഗേശാനന്ദയ്ക്ക് സമന്‍സ് അയച്ചു. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നേരത്തെ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി മടക്കിയിരുന്നു.

കുറ്റപത്രത്തിലെ കുറവുകള്‍ മാറ്റി ക്രെംബ്രാഞ്ച് ഡിവൈഎസ്പി ഷൗക്കത്തലി വീണ്ടും സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്. വീട്ടില്‍ പൂജയ്ക്ക് എത്തിയ സ്വാമി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പീഡനം സഹിക്ക വയ്യാതെയാണ് താന്‍ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. കണ്ണമ്മൂലയുളള വീട്ടില്‍ വച്ച് 2017 മേയ് 19ന് പുലര്‍ച്ചെയാണ് സ്വാമിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചത്.

2020ല്‍ ഗംഗേശാനന്ദ ഡിജിപിക്ക് നല്‍കിയ പരാതിയില്‍, തന്നെ കേസില്‍ കുടുക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ശ്രമിക്കുന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തിരുന്നു. ഇതേ മൊഴി പെണ്‍കുട്ടി മജിസ്‌ട്രേട്ടിനു നല്‍കിയ രഹസ്യമൊഴിയിലും ആവര്‍ത്തിച്ചിരുന്നു.