ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിയും സംഘവും പോലീസിനെ സാക്ഷിയാക്കി പരസ്യമായി മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് കുപ്രസിദ്ധ കുറ്റവാളിയായ കൊടി സുനിയും കൂട്ടരും വിലസാൻ അവസരമൊരുക്കിയത്. കണ്ണൂർ എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സംഭവം വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് മദ്യപിക്കുന്ന ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. തലശ്ശേരിയിലെ ഒരു ബാർ ഹോട്ടലിന്റെ മുറ്റത്തുവെച്ചാണ് ഇവർ പരസ്യമായി മദ്യപിച്ചത്. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ പോകുമ്പോഴാണ് സുഹൃത്തുക്കൾ മദ്യവുമായി ഇവരുടെ അടുത്തേക്ക് എത്തിയത്. ജയിൽ തടവുകാർ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കുകയായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ പത്താം ബ്ലോക്കിലെ തടവുകാരനാണ് കൊടി സുനി.
കണ്ണൂർ സെൻട്രൽ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ ജൂലൈ 17-ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയപ്പോഴാണ് ഈ സംഭവം നടന്നത്. തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴി ഭക്ഷണം കഴിക്കാൻ കയറിയ ഒരു ഹോട്ടലിൽ വെച്ചാണ് പോലീസുകാർ ഇവർക്ക് മദ്യം കഴിക്കാൻ അവസരം നൽകിയത്. സംഭവം പുറത്തുവന്ന് വിവാദമായതോടെ പോലീസുകാർക്കെതിരെ കർശന നടപടിയെടുക്കുകയായിരുന്നു. ഇതിനുമുമ്പും ജയിലിൽവെച്ച് കൊടി സുനി മൊബൈൽ ഫോൺ ഉപയോഗിച്ചത് ഉൾപ്പെടെയുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. 15 ദിവസത്തെ പരോൾ കഴിഞ്ഞതിനുശേഷമാണ് ഇയാൾ ഈയിടെ വീണ്ടും ജയിലിലെത്തിയത്.