ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ നിർണായക നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, സമവായ ചർച്ചകൾക്കായി കേരളത്തിലെ മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശാലമായ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം. കെ. സുധാകരൻ, കെ. മുരളീധരൻ, എം.എം. ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ മുൻ പിസിസി അധ്യക്ഷന്മാരോടും മുതിർന്ന നേതാക്കളോടുമാണ് അടിയന്തരമായി ഡൽഹിയിലെത്താൻ നിർദേശിച്ചത്. ഇവർ ഇന്ന് രാത്രി തന്നെ പുറപ്പെടും.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുമായി രാഹുൽ ഗാന്ധി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. ഘടകകക്ഷി നേതാക്കളുമായി അദ്ദേഹം വീണ്ടും ഫോണിൽ സംസാരിച്ചേക്കും. ഹൈക്കമാൻഡ് തലപ്പത്തുള്ള കെ.സി. വേണുഗോപാൽ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയാകാനാണ് നിലവിൽ കൂടുതൽ സാധ്യത. അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കൂടി മാനിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. നേതാക്കളുടെ അഭിപ്രായത്തെ മാനിച്ച് തീരുമാനം മാറുമോയെന്നും വരും ദിവസങ്ങളിൽ അറിയാം.
അനുനയ നീക്കങ്ങളുടെ ഭാഗമായി ഉപമുഖ്യമന്ത്രി സ്ഥാനം നൽകുന്നതിനോട് ഹൈക്കമാൻഡിന് താല്പര്യമില്ല. ഒരാളെ മാത്രം മുഖ്യമന്ത്രിയായി നിശ്ചയിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാനാണ് ധാരണ. മുഖ്യമന്ത്രി പ്രഖ്യാപനം നാളെയോ മറ്റന്നാളോ ഉണ്ടായേക്കും. തിരുവനന്തപുരത്ത് നിയമസഭാ കക്ഷിയോഗം വിളിച്ച് അവിടെ വെച്ച് പ്രഖ്യാപനം നടത്തുകയോ ഖാർഗെയോ രാഹുൽ ഗാന്ധിയോ എഐസിസി ആസ്ഥാനത്ത് വെച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയോ ചെയ്യാനാണ് സാധ്യത.



