മിസ് ഇന്ത്യ യൂണിവേഴ്സ് ഫ്രാഞ്ചൈസിയുടെ മേൽനോട്ടം വഹിച്ചതിനെക്കുറിച്ച് മനസുതുറന്ന് നടി സുഷ്മിതാ സെൻ. 20100-നും 2012-നും ഇടയിൽ നടന്ന സംഭവത്തെക്കുറിച്ച് പുതിയ വെബ് സീരീസായ ആര്യയുടെ പ്രചാരണപരിപാടിയിലാണ് അവർ മനസുതുറന്നത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലായിരുന്നു അക്കാലത്ത് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ. അപ്രതീക്ഷിതമായി ലഭിച്ച ആ അവസരത്തെക്കുറിച്ചും അതിനൊപ്പമുണ്ടായ സങ്കീർണ്ണതകളെക്കുറിച്ചും അവർ വിശദീകരിച്ചു.
“മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ എന്നെ വിളിച്ച്, ‘നിങ്ങൾക്ക് ഈ ഫ്രാഞ്ചൈസി ഏറ്റെടുക്കാൻ താൽപ്പര്യമുണ്ടോ?’ എന്ന് ചോദിച്ചു. ഞാൻ അമ്പരന്നുപോയി, ‘ശരിക്കും? അതൊരു സ്വപ്നം പോലെ തോന്നി!'” സെൻ ഓർത്തെടുത്തു. അന്ന് ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലായിരുന്ന ഫ്രാഞ്ചൈസി ഏറ്റെടുക്കുന്നതിനായി കടുത്ത നിബന്ധനകളുള്ള ഒരു കരാറിലാണ് ഒപ്പുവച്ചത്. അതുകൊണ്ട് കാര്യങ്ങൾ ഒട്ടും എളുപ്പമോ സന്തോഷകരമോ ആയിരുന്നില്ലെന്നും സുഷ്മിതാ സെൻ കൂട്ടിച്ചേർത്തു.
താൻ ട്രംപിൻ്റെ നേരിട്ടുള്ള ജീവനക്കാരിയായിരുന്നില്ലെന്നും സെൻ വ്യക്തമാക്കി. “ഭാഗ്യവശാൽ, അക്കാലത്ത് ഞാൻ റിപ്പോർട്ട് ചെയ്തിരുന്നത് പാരാമൗണ്ട് കമ്മ്യൂണിക്കേഷൻസിനോടും മാഡിസൺ സ്ക്വയർ ഗാർഡനോടും മാത്രമായിരുന്നു. ഞാൻ അവിടെ ജോലി ചെയ്തിരുന്ന വർഷം മിസ് യൂണിവേഴ്സിൻ്റെ ഉടമകൾ അവരായിരുന്നു. ട്രംപിൻ്റെ കാര്യത്തിൽ, ഞാൻ ഒരു നേരിട്ടുള്ള ജീവനക്കാരിയേക്കാൾ ഒരു ഫ്രാഞ്ചൈസി ഉടമയായിരുന്നു.” സുഷ്മിത വിശദീകരിച്ചു.
ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് ട്രംപിനെ കണ്ടിരുന്നെങ്കിലും, ആ കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ സെൻ തയ്യാറായില്ല. അതിലൊന്നും കാര്യമില്ലെന്നാണ് അവർ പറഞ്ഞത്. “ചില ആളുകൾ അവരുടെ അധികാരമോ നേട്ടങ്ങളോ കൊണ്ടല്ല, മറിച്ച് അവർ ആരാണെന്നതുകൊണ്ടുതന്നെ നമ്മളിൽ ഒരു മതിപ്പുണ്ടാക്കും. അദ്ദേഹം അങ്ങനെയുള്ള ഒരാളല്ല.” ട്രംപ് എന്തെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെ.
1994-ലാണ് മിസ് യൂണിവേഴ്സ് കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം സുഷ്മിതാ സെന്നിന് സ്വന്തമാവുന്നത്. പിന്നീടവർ സിനിമയിലേക്കുമെത്തി. 1996 മുതൽ 2015 വരെ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ്റെ ഉടമസ്ഥൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആയിരുന്നു.